ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ തുടർന്നും മാറിയെടുക്കാമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ആർ.ബി.ഐയുടെ 19 റീജ്യണൽ ഓഫീസുകൾ വഴിയും നേരിട്ട് പോകാൻ കഴിയാത്തവർക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകൾ മാറാം.
സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ആർ.ബി.ഐയുടെ പ്രഖ്യാപനം. 3.43 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ തിരികെ എത്തിയെന്നും 12,000 കോടി രൂപയുടെ നോട്ടുകൾ തിരികെ എത്താനുണ്ടെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
നേരത്തെ, സെപ്തംബർ 30നായിരുന്നു നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി. ഇത് പിന്നീട് ഒക്ടോബർ ഏഴ് വരെ നീട്ടുകയായിരുന്നു. നീട്ടിയ ഏഴ് ദിവസം നോട്ടുകൾ മാറ്റാനുള്ള സൗകര്യം റിസർവ് ബാങ്ക് റീജ്യണൽ ഓഫീസുകൾ വഴി മാത്രമാണ് സാധിച്ചിരുന്നത്. ഈ നില വീണ്ടും തുടരുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിന് പിഴയുണ്ടോ എന്ന കാര്യം ആർ.ബി.ഐ ഗവർണർ പറഞ്ഞിട്ടില്ല.
ഏകദേശം 96 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്.