കോഴിക്കോട്: നടുവട്ടത്ത് ബഹുനില വസ്ത്രവ്യാപാരസ്ഥാപനത്തിൽ തീപ്പിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. പുകയും തീയും ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥാപനത്തിലെ ജീവനക്കാരാണ് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റും ബീച്ചിൽനിന്നുള്ള ഒരു യൂണിറ്റും എത്തിയതിനെ തുടർന്ന് തീ നിയന്ത്രവിധേയമായിട്ടുണ്ട്. എങ്കിലും കെട്ടിടത്തിലെ ഒരു നിലയിൽ തീയിപ്പോഴും ആളിക്കത്തുകയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
കെട്ടിടത്തിൽ നിറയെ വസ്ത്രങ്ങളായതിനാലും പലഭാഗങ്ങളിലും ഉള്ളിലേക്ക് പ്രവേശിക്കാനാകാത്ത വിധം അടയ്ക്കപ്പെട്ട നിലയിലായതിനാലും തീയണയ്ക്കൽ പ്രയാസകരമായി. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് ആദ്യം തീ കണ്ടത്. അമിതമായ പുക മൂലം ഉള്ളിലേക്ക് പ്രവേശിക്കാനാകാത്തതിനാൽ പിന്നിൽ കെട്ടിടം കുറച്ചുപൊളിച്ചുമാറ്റിയാണ് അകത്തുപ്രവേശിച്ചത്. നാലാമത്തേയും ഒന്നാമത്തേയും നിലകളിലെ തീ പൂർണമായും കെടുത്തി. മൂന്നാമത്തെ നിലയിലേക്ക് തീ പടർന്നു.
സ്ഥാപനത്തിലുണ്ടായിരുന്ന വസ്ത്രങ്ങളിൽ കുറേ കത്തിപ്പോയി. തീയണയ്ക്കാനുള്ള ശ്രമത്തിൽ വെള്ളം വീണ് ബാക്കിയുള്ള ഭൂരിഭാഗം വസ്ത്രങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവസമയത്ത് കെട്ടിടത്തിനകത്തുണ്ടായിരുന്ന ഉപഭോക്താക്കളും ജീവനക്കാരും പുക കണ്ടതോടെ പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല.