കോഴിക്കോട്: കേരള നോളജ് എക്കണോമി മിഷനും ഐസിടി അക്കാദമിയും ബിസിനസ് നെറ്റ് വർക്ക് ഇന്റർ നാഷണലും ചേർന്ന് സംഘടിപ്പിക്കുന്ന തൊഴിൽ മേള 14,15 തിയതികളിൽ സെന്റ് സെവ്യേഴ്‌സ് ആർട്ട്‌സ് ആന്റ് സയൻസ് കോളേജിൽ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൊഴിലന്വേഷകരായ ആയിരത്തോളം ചെറുപ്പക്കാരും കമ്പനികളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചെത്തുന്ന തൊഴിൽ ദാതാക്കളുമാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഐ.ടി, നോൺ ഐടി, മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി, ഓട്ടോ മൊബൈൽസ് തുടങ്ങിയ മേഖലകളിൽ നിന്നായി 250ഓളം കമ്പനികളാണ് തൊഴിൽദായകരായി എത്തുന്നത്. 14ന് രാവിലെ 8 മണിയോടെ തൊഴിൽ മേളയുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. തൊഴിലന്വേഷകരും തൊഴിൽ ദായകരുമായുള്ള അഭിമുഖ പരിപാടികൾ 9.30ഓടെ തുടങ്ങും. 14ന് ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ.ശ്രീകല മുഖ്യ പ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ ബിഎൻഐ കാലിക്കറ്റ്, കണ്ണൂർ, വയനാട്, കാസർകോട് റീജിയൻ, എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.എ.എം.ശരീഫ്, ഷിജു ചേമ്പ്ര, ഗ്ലോറിയസ് പ്രതിനിധികളായ എഞ്ചി.നൂറുദ്ദീൻ, ആയിഷ സമീഹ, കെകെഇഎം-ഐസിടി പ്രൊജക്ട് കോ-ഓർഡിനേറ്റർ മുനീറ എന്നിവർ പങ്കെടുത്തു.