മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി
ഗാങ്ടോക്: സിക്കിമിലെ ലാച്ചൻ താഴ്വരയിലെ തീസ്ത നദിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് 23 സൈനികരെ കാണാതായി. വടക്കൻ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളിൽ മേഘവിസ്ഫോടനം ഉണ്ടായതിനെത്തുടർന്നാണ് തീസ്ത നദിയിൽ പെട്ടെന്ന് ജലനിരപ്പുയർന്നത്. ചുങ്താങ് അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കിവിട്ടത്തും സാഹചര്യം മോശമാക്കി.
നദിയിൽ 15 മുതൽ 20 അടിവരെ ജലനിരപ്പുയർന്നു. ഇതേത്തുടർന്ന് സിങ്താമിലെ ബർദാങ്ങിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒലിച്ചുപോകുകയായിരുന്നു. കാണാതായ സൈനികർക്കായി തിരച്ചിൽ തുടരുകയാണ്. ലാച്ചൻ താഴ്വരയിലെ വിവിധ സൈനിക ക്യാമ്പുകളേയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. പ്രളയത്തെത്തുടർന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ്.