മരുന്നും പരിചരണവും കിട്ടാതെ 49 രോഗികൾ മരിച്ചു

മരുന്നും പരിചരണവും കിട്ടാതെ 49 രോഗികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ 2 സർക്കാർ ആശുപത്രികളിൽ 3 ദിവസത്തിനിടെ നവജാതശിശുക്കൾ ഉൾപ്പെടെ 49 പേർ മരിച്ചു. നാന്ദേഡ്, ഔറംഗാബാദ് (സംഭാജിനഗർ) ജില്ലകളിലെ മെഡിക്കൽ കോളജുകളിലാണ് മരുന്നും പരിചരണവും ലഭിക്കാതെ രോഗികളുടെ കൂട്ടമരണമുണ്ടായത്. ഉൾക്കൊള്ളാവുന്നതിലേറെ രോഗികളെ പ്രവേശിപ്പിച്ചതും മരണത്തിനു കാരണമായെന്നാണു സൂചന.

നാന്ദേഡ് ശങ്കർ റാവു ചവാൻ സർക്കാർ മെഡിക്കൽ കോളജിൽ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ 12 കുട്ടികളടക്കം 24 പേരാണു മരിച്ചത്. ഇന്നലെ 4 കുട്ടികളടക്കം 7 പേർ കൂടി മരിച്ചതോടെ ആകെ മരണം 31 ആയി. എഴുപതിലേറെപ്പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഔറംഗാബാദിലെ സർക്കാർ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു. മാസം തികയാതെ പ്രസവിച്ച 2 കുട്ടികൾ ഉൾപ്പെടെയാണിത്.

ഹൃദ്രോഗികളും ന്യുമോണിയ ബാധിതരും ഹൃദയം, വൃക്ക, കരൾ രോഗികളുമാണു മരിച്ചവരിലേറെയും. പാമ്പുകടിയേറ്റും അപകടത്തിൽപെട്ടും ചികിത്സതേടിയവരും ജീവൻ നഷ്ടപ്പെട്ടവരിലുൾപ്പെടുന്നു. താലൂക്ക്, ജില്ലാ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും നിന്നു വിദഗ്ധ ചികിത്സ തേടിയെത്തിവരാണ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റിൽ താനെ കൽവ ശിവാജി ആശുപത്രിയിൽ 18 പേർ മരിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഉൾക്കൊള്ളാവുന്നതിലും കൂടുതൽ രേഗികളെ പ്രവശിപ്പിച്ചെന്നു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ ആരോപിച്ചു. പ്രചാരണങ്ങൾക്കു കോടികൾ ചെലവഴിക്കുന്ന ബിജെപി സർക്കാർ പാവങ്ങളുടെ ജീവന് വില കൽപിക്കുന്നില്ലെന്നു കോൺഗ്രസ് നേതാവു രാഹുൽ ഗാന്ധി ആരോപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *