തലയോലപ്പറമ്പ്: മുദ്ര കൾച്ചറൽ ആൻറ് ആർട്ട്‌സ് സൊസൈറ്റി ഏർപ്പെടുത്തിയ പതിനാലാമത് ബഷീർ ചെറുകഥാ അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണവും മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. പതിനായിരത്തി ഒന്ന് രൂപാ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. തൃശൂർ സ്വദേശി യു.വി ജിതിൻ രചിച്ച രക്തസാക്ഷിക്കുന്ന് എന്ന കഥയ്ക്കാണ് ഈ വർഷത്തെ അവാർഡ്.
മുദ്ര കൾച്ചറൽ ആൻറ് ആർട്ട്‌സ് സൊസൈറ്റി പ്രസിഡൻറ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും നിരൂപകനുമായ എം.കെ.ഹരികുമാർ മുഖ്യ പ്രഭാഷണവും കെ.ആർ.സുശീലന്റെ മുഖചിത്രങ്ങൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും നിർവ്വഹിച്ചു.ആദ്യ പ്രതി മോൻസ് ജോസഫ് എം.എൽ.എ ഏറ്റുവാങ്ങി. ആദ്ധ്യാത്മിക ശോഭയുള്ള മികച്ചകവിതകളാണ് കെ.ആർ.സുശീലന്റെതെന്ന് എം.കെ.ഹരികുമാർ പറഞ്ഞു.മികച്ച അഞ്ച് കഥകൾ രചിച്ചവർക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രൊഫ: എച്ച് സദാശിവൻപിള്ള അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
മുദ്ര ആൻറ് ബഷീർ ഫൗണ്ടേഷൻ ചെയർമാൻ കെ.വി പ്രദീപ് കുമാർ സ്വാഗതവും മുദ്ര സെക്രട്ടറി ബേബി ടി കുര്യൻ നന്ദിയും പറഞ്ഞു.