കോഴിക്കോട്: കരുവട്ടൂർ പഞ്ചായത്തിലെ പറമ്പിൽ കടവ്, പറമ്പിൽ ബസാർ, മല്ലിശ്ശേരി താഴം, കാരാട്ട് താഴം, പൊട്ടൻമുറി എന്നീ ഭാഗങ്ങളിലൂടെ കുരുവട്ടൂർ പയിമ്പ്ര ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് അനുവദിക്കണമെന്ന് മധുരം അയൽപക്ക വേദി ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തോളമായി നാട്ടുകാർ ഓട്ടോറിക്ഷയെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഒരു യാത്രക്ക് 100, 150 രൂപയാണ് ചിലവാക്കേണ്ടി വരുന്നത്. സ്ഥലം എം.എൽ.എകൂടിയായ വനം മന്ത്രിക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ല. എ.പ്രദീപ് കുമാർ എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് 2017 നവംബർ മുതൽ ആറ് മാസം സർവീസ് നടത്തിയത്. കോഴിക്കോട് നഗരത്തിലെത്തുന്ന ഈ പ്രദേശത്തുകാർ ഓട്ടോറിക്ഷക്ക് ഡബിൾ ചാർജ്ജ് (400) രൂപ കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ലാഭം നോക്കാതെ ജനങ്ങൾക്കാവശ്യമുള്ള സ്ഥലങ്ങളിലേക്ക് കെസ്ആർടിസി ബസ്സ് സർവ്വീസ് നടത്തുമെന്ന അധികാരികളുടെ പ്രഖ്യാപനം നിലനിൽക്കുമ്പോഴാണ് ഈ പ്രദേശത്തുകാരോട് ചിറ്റമ്മനയം സ്വീകരിക്കുന്നതെന്നവർ കുറ്റപ്പെടുത്തി. പ്രസിഡണ്ട് മോവിളാരി മഞ്ജുള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി.ജയപ്രകാശ് റിപ്പോർട്ടവതരിപ്പിച്ചു. ഡോ.സെക്രട്ടറി ആർ.കെ.ഇരവിൽ സംസാരിച്ചു.
്