എം.എം. മണിയുടെ വിദ്വേഷ പ്രസംഗം മൂന്ന് എംവിഡി ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

എം.എം. മണിയുടെ വിദ്വേഷ പ്രസംഗം മൂന്ന് എംവിഡി ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

നെടുങ്കണ്ടം: സിഐടിയു മാർച്ചിൽ എം.എം. മണി എംഎൽഎ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ഉടുമ്പൻചോല സബ് ആർ.ടി.ഒ ഓഫീസിലെ മൂന്ന് വെഹിക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം.ഹഫീസ് യൂസഫ്, എൽദോ വർഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

പിഴ നിശ്ചയിച്ചിരിക്കുന്ന പരമാവധി തുക ആളുകളിൽ നിന്ന് ഈടാക്കുന്നുവെന്നാണ് ഗതാഗത വകുപ്പ് ഇവർക്കെതിരെ കണ്ടെത്തിയ കുറ്റം. രണ്ട് പേരെ ജില്ലയ്ക്ക് പുറത്തേക്കും ഒരാളെ മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തേയ്ക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

‘സർക്കാരും പിണറായി വിജയനും പറഞ്ഞിട്ടാണ് പിഴയീടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. ഇങ്ങനെ പറയുന്ന ഉദ്യോഗസ്ഥരുടെ നാക്ക് ചവിട്ടിക്കൂട്ടും’, എന്നായിരുന്നു എം.എം. മണിയുടെ പരാമർശം. മര്യാദ കാണിച്ചില്ലെങ്കിൽ കളക്ടറാണെങ്കിലും ചീഫ് സെക്രട്ടറിയാണെങ്കിലും എതിർക്കും. നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ കാണിക്കുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികൾ കൈകാര്യം ചെയ്യണം. അങ്ങനെ കൈകാര്യം ചെയ്താൽ താനും പാർട്ടിയും തൊഴിലാളികൾക്കൊപ്പം നിൽക്കും. ഇത്തരം കേസുകൾ കോടതിയിൽ വരുമ്പോഴല്ലേ, അത് അപ്പോൾ നോക്കും. ആ സമയം ഉദ്യോഗസ്ഥരോട് ഒപ്പംനിൽക്കാൻ സാക്ഷിപോലും ഉണ്ടാവില്ലെന്നും എം.എം. മണി പറഞ്ഞു.

ധർണ കഴിഞ്ഞ് മടങ്ങിയവർ, മുണ്ടിയെരുമയിൽവെച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *