ജയ്പുർ: തിരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനിൽ 7,000 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 4,500 കോടി ചെലവിൽ നിർമിച്ച മെഹ്സാന- ബട്ടിൻഡ- ഗുർദാസ്പുർ ഗ്യാസ് പൈപ്പ്‌ലൈൻ, 1480 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ദാരാ-ജലാവർ-തീന്ദർ സെക്ഷനിലെ നാലുവരിപ്പാത എന്നിവ ചിത്തൗഗഡിലെ പരിപാടിയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സൻവാലിയ സേഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷമായിരുന്നു പ്രധാനമന്ത്രി പരിപാടിയ്ക്കെത്തിയത്.
അബു റോഡിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എൽ.പി.ജി. പ്ലാന്റ്, വിവിധ റെയിൽവേ- ടൂറിസം പദ്ധതികൾ, കോട്ടയിൽ ഐ.ഐ.ഐ.ടിയുടെ സ്വന്തം ക്യാമ്പസ് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടുതൽ സാസ്‌കാരിക കേന്ദ്രങ്ങളുണ്ടാക്കി ടൂറിസത്തെ ശക്തിപ്പെടുത്തുകയാണ് കേന്ദ്രമെന്ന് അദ്ദേഹം ചിത്തൗഗഡിൽ പറഞ്ഞു.
നിങ്ങൾ എല്ലാവരും എന്റെ ഹൃദയത്തിൽ ജീവിക്കുന്നുവെന്നും പരിപാടിക്കെത്തിച്ചേർന്നവരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത് കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും, രാജസ്ഥാന്റെ വികസനത്തിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുകയെയെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് കോൺഗ്രസ് രാജസ്ഥാന്റെ വ്യക്തിത്വം നഷ്ടപ്പെടുത്തിയെന്നും കുറ്റകൃത്യങ്ങളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ് രാജസ്ഥാനെന്ന് വേദനിക്കുന്ന ഹൃദയത്തോട് പറയേണ്ടിവരികയാണെന്നും മോദി കുറ്റപ്പെടുത്തി.സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിലെത്തിയാൽ കലാപം പോലുള്ള ക്രിമിനൽ നടപടികൾ ഇല്ലാതാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.