കാറ്റലിൻ കാരിക്കോക്കും ഡ്രൂ വെയ്‌സ്മാനും വൈദ്യശാസ്ത്ര നൊബേൽ

കാറ്റലിൻ കാരിക്കോക്കും ഡ്രൂ വെയ്‌സ്മാനും വൈദ്യശാസ്ത്ര നൊബേൽ

നേട്ടം കോവിഡ് പ്രതിരോധ ഗവേഷണത്തിന്

സ്റ്റോക്ക്‌ഹോം: 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്‌സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്19 വാക്‌സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്‌കാരം. വാക്‌സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്‌കാരത്തിന് അർഹരാക്കിയത്. കോവിഡ് വാക്‌സീൻ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്.

ഹെപ്പറ്റൈറ്റിസ്, മങ്കിപോക്‌സ് തുടങ്ങിയവയ്‌ക്കെതിരെയുള്ള വാക്‌സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഹംഗറിയിലെ സഗാൻ സർവകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാറ്റലിൻ കരീക്കോ. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറാണ് ഡ്രൂ വെയ്‌സ്മാൻ. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10ന് പുരസ്‌കാരം സമ്മാനിക്കും. സർട്ടിഫിക്കറ്റും സ്വർണമെഡലും 1.1 കോടി സ്വീഡിഷ് ക്രോണയും (ഇന്ത്യൻ രൂപ ഏകദേശം 8.3 കോടി) അടങ്ങുന്നതാണ് പുരസ്‌കാരം.

എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം. കോവിഡ് വാക്‌സീൻ നിർമാണ സമയത്ത് ഈ പഠനം ഏറെ സഹായകമായി. കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കുന്നതിലേക്കും ഇതു നയിച്ചു. എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേൽ സമ്മാനത്തിലേക്കു നയിച്ചതെന്നും സമിതി വ്യക്തമാക്കി.

2015ൽ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറിൽ ഇവർ തങ്ങളുടെ കണ്ടെത്തലുകൾ വിശദീകരിച്ചിരുന്നു. എന്നാൽ കോവിഡ് വാക്‌സീൻ ഗവേഷണ സമയത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. എംആർഎൻഎ അടിസ്ഥാനമാക്കി 2020ൽ കോവിഡ്19 വാക്‌സീൻ വികസിപ്പിക്കുന്നതിൽ ഗവേഷണത്തിലെ കണ്ടെത്തലുകൾ നിർണായകമായെന്നും നൊബേൽ സമിതി വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *