സോഷ്യലിസത്തിനായി ജീവിതം മാറ്റിവെച്ച നേതാവായിരുന്നു അന്തരിച്ച എം.കെ.പ്രേംനാഥ്. പത്താംക്ലാസു മുതൽ രാഷ്ട്രീയ പ്രവർത്തനത്തിലേക്കെത്തിയ അദ്ദേഹം അവസാന നാളുകൾ വരെ ജനങ്ങളോടൊപ്പം ചേർന്ന് അവർക്ക് വേണ്ടിയാണ് ജീവിച്ചത്. ഡോ.രാംമനോഹർ ലോഹ്യയും, ജോർജ്ജ് ഫെർണാണ്ടസും ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയഗതിക്കുവേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് യുവജന സംഘടനാ നേതൃത്വത്തിലേക്കുയർന്ന് പിന്നീട് പാർട്ടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളിലൊരാളായി അദ്ദേഹം മാറി. നിസ്വാർത്ഥ പൊതുജീവിതം ആദർശ വിശുദ്ധി എന്നിവയെല്ലാം അദ്ദേഹം ഉയർത്തിപ്പിടിച്ചു. അടിയന്തിരാവസ്ഥക്കെതിരായി നടന്ന പോരാട്ടത്തിൽ പങ്കെടുത്ത് പോലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയായി. ആ മർദ്ദനത്തിന്റെ ബാക്കി പത്രമായി അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ നേരിട്ടാണ് ജീവിച്ചത്.
ചിന്നിച്ചിതറിക്കിടന്ന സോഷ്യലിസ്റ്റുകളുടെ ഏകീകരണം അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു. ഒരു കാലത്ത് സോഷ്യലിസ്റ്റ് നേതാക്കൾ പ്രധാനമന്ത്രിമാരായി വന്ന രാജ്യത്ത്, സോഷ്യലിസ്റ്റുകൾ ഭിന്നിച്ചു നിൽക്കുന്നത്‌കൊണ്ടാണ് രാജ്യത്തിന്റെ ഭരണ ചക്രം സോഷ്യലിസ്റ്റുകൾക്ക് നഷ്ടമായതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം പത്രാധിപരായും, സഹകാരിയായും സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എം.എൽ.എ ആയിരിക്കുമ്പോഴും ആൾക്കൂട്ടത്തിന്റെ അകമ്പടികളൊന്നുമില്ലാതെ സാധാരണക്കാരനായി അദ്ദേഹം പൊതുരംഗത്ത് നിറഞ്ഞു നിന്നു. നമ്മുടെ നിരത്തുകളിൽ നടന്നുപോകുന്ന അദ്ദേഹം ഒരു സ്ഥിരം കാഴ്ചയായിരുന്നു. പരിചയമുള്ളവരെയെല്ലാം സൗഹൃദത്തിന്റെ കൂടാരത്തിനകത്ത് ചേർത്ത് നിർത്തുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എം.എൽ.എ ആയിരിക്കുമ്പോൾ വടകരയുടെ വികസനത്തിനായി നല്ല ഇടപെടലുകൾ അദ്ദേഹം നടത്തുകയുണ്ടായി. അഭിഭാഷകനായും നല്ല സേവനമാണ് അദ്ദേഹം നടത്തിയത്. കോഴിക്കോട് നഗരത്തിലും വ്യത്യസ്ത സംഘടനകളുടെ പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. സാംസ്‌കാരിക പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. രാഷ്ട്രീയത്തിൽ ലാളിത്യവും, ആദർശ വിശുദ്ധിയും കുറയുന്ന കാലത്ത്, അതൊന്നും അസ്തമിച്ചിട്ടില്ലെന്ന് ഉറക്കെ പറയുന്ന മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മാനവ സമൂഹത്തന്റെ തുല്യതയുടെ സങ്കൽപമായ സോഷ്യലിസത്തെ കുഞ്ഞുനാളിലേ നെഞ്ചേറ്റിയ എം.കെ.പ്രേംനാഥ് മരണം വരെ അതിൽ അടിയുറച്ച് നിന്നു. ആശയ തീവ്രതയിലധിഷ്ഠിതമായ നിലപാടുകളിൽ ഉറച്ചു നിന്ന കരുത്തനായ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. പീപ്പിൾസ് റിവ്യൂവുമായി വലിയ ആത്മ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം പൊതു സമൂഹത്തിന് വലിയ നഷ്ടമാണ്. ഞങ്ങൾ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.