ഹരിത വിപ്ലവത്തിന്റെ നാഥന് പ്രണാമം

ലോകം ദർശിച്ച ഏറ്റവും ഉന്നതനായ കൃഷി ശാസ്ത്രജ്ഞൻ, ഭാരതത്തിന്റെ പട്ടിണിയകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥൻ വിടപറഞ്ഞിരിക്കുന്നു. ആ ധന്യാത്മാവിന് പ്രണാമം.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കൂട്ടകൊലകളും തുടർന്നു നടന്ന പാക്കിസ്ഥാൻ., ചൈന യുദ്ധങ്ങൾ മൂലവും തകർന്ന് പട്ടിണിയിലേക്ക് കൂപ്പുകുത്തിയിരുന്ന ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങി വന്ന അവധൂതനായിരുന്നു എം.എസ്.സ്വാമിനാഥൻ. ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ വിശപ്പ് മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നവും, കർമ്മ മേഖലയും. ഭക്ഷ്യധാന്യങ്ങൾക്ക് വേണ്ടി അമേരിക്കയടക്കമുള്ള വൻ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യക്ക് ഭക്ഷ്യ സ്വയം പര്യാപ്തത നേടിക്കൊടുക്കുന്നതിൽ അദ്ദേഹം മുൻ നിരയിലുണ്ടായിരുന്നു. ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഭക്ഷ്യ സ്വയം പ്രര്യാപ്തത നേടുന്നതിനെക്കുറിച്ച് ആലോചനകൾ മുറുകുന്നത്. അക്കാലം ഗോതമ്പടക്കമുള്ളവ നാം ഇറക്കുമതി ചെയ്യുകയായിരുന്നു. ഇറക്കുമതി ചെയ്യാനുള്ള പണത്തിന് പോലും ബുദ്ധിമുട്ടുന്ന കാലം. ലാൽ ബഹദൂർ ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും കൃഷി മന്ത്രിയായിരുന്ന സി.സുബ്രഹ്‌മണ്യം, ഇദ്ദേഹത്തിന്റെ കീഴിൽ കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന ബി.ശിവരാമൻ, എം.എസ്.സ്വാമിനാഥൻ എന്നിവരടങ്ങിയ ടീമാണ് ഭക്ഷ്യ സ്വയംപര്യാപ്തത നേടാനുള്ള രാജ്യത്തിന്റെ പ്രവർത്തനത്തിലെ ആസൂത്രകർ.
തന്റെ ജീവിതം മുഴുവൻ കാർഷിക മേഖലയുടെ വികസനത്തിനും കർഷകരുടെ അഭിവൃദ്ധിക്കും, സ്ത്രീ ശാക്തീകരണത്തിനും മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സ്വന്തം രാജ്യത്തിന്റെ വിശപ്പകറ്റാൻ തന്റെ പഠന മേഖലയായ ജന്തു ശാസ്ത്രം വിട്ട്, കൃഷി ശാസ്ത്രത്തിലേക്ക് നടന്നു കയറിയ വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ കാർഷിക വരുമാനമല്ല കൂടേണ്ടത്, കർഷകരുടെ വരുമാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. വിമർശനങ്ങൾക്ക് അദ്ദേഹം പരിഗണന നൽകുകയും, ശാസ്ത്രീയമായി തന്നെ മറുപടി പറയുകയും ചെയ്തു. സ്വാമിനാഥന്റെ നിലപാടുകൾ ശരിവെക്കുന്നതായിരുന്നു നമ്മുടെ ഗോഡൗണുകളും റേഷൻ കടകളും നിറഞ്ഞ് കവിഞ്ഞത്.
രാസ വസ്തുക്കളുടെ അമിത പ്രയോഗം അപകടം സൃഷ്ടിക്കുമെന്ന് പറഞ്ഞവരോട് മിതമായി ഉപയോഗിച്ച് കൃഷി വർദ്ധിപ്പിക്കാമെന്നദ്ദേഹം സമർത്ഥിച്ചു. നമ്മുടെ രാജ്യം കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്. ഇദ്ദേഹം നടത്തിയ മുന്നേറ്റത്തോടാണ്. അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ ഇനിയും തുടരണം. കർമ്മ കുശലതയിലൂടെയും ചിട്ടയിലൂടെയും മാനവരാശിക്ക് സാന്ത്വനം നൽകിയ അദ്ദേഹത്തിന്റെ ജീവിതം പുതു തലമുറ സ്വായത്തമാക്കണം. ഇന്ത്യയുടെ വിശപ്പിന് പരിഹാരം കണ്ട അദ്ദേഹം പുതു തലമുറക്ക് വഴികാട്ടിയാണ്.
Share

Leave a Reply

Your email address will not be published. Required fields are marked *