കൊൽക്കത്ത: ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നടപടിയുമായി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്(ഇസ്‌കോൺ). പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്നുവെന്നും കൊടുംവഞ്ചകരാണെന്നും സംഘടനയ്ക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതിന് മനേകയ്ക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ട നോട്ടിസ് നൽകിയതായി ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് അറിയിച്ചു.ഈ അപകീർത്തികരമായ ആരോപണങ്ങൾ ലോകത്തെങ്ങുമുള്ള ഇസ്‌കോൺ ഭക്തരെയും സഹകാരികളെയും അഭ്യുദയകാംക്ഷികളെയുമെല്ലാം ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ടെന്നും ഇസ്‌കോണിനെതിരായ വ്യാജ പ്രചാരണങ്ങളിൽ നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.