ഈ ജീവിതം ജീവജാലങ്ങൾക്ക് സമർപ്പിതം

ഈ ജീവിതം ജീവജാലങ്ങൾക്ക് സമർപ്പിതം

ചാലക്കര പുരുഷു

മാഹി: വെളുത്ത മുടി, നീട്ടി വളർത്തിയ താടി, ടീ ഷർട്ടും പാന്റും, തിളക്കമുള്ള കണ്ണുകൾ. ഒറ്റനോട്ടത്തിൽ സോക്രട്ടീസിനെപ്പോലെ തോന്നിപ്പിക്കുന്ന ഈ മനുഷ്യൻ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും.പന്തക്കലിൽ താമസിക്കുന്ന സോമൻ, കഴിഞ്ഞ നാല് വർഷമായി മനുഷ്യന്റേയും പ്രകൃതിയുടേയും പാരസ്പര്യത്തിന്റെ നിദർശനമായി മാറിയിരിക്കുകയാണ്. മൈസൂർ യൂണിവേർസിറ്റിയിൽ നിന്ന്
ബിരുദം നേടിയ അവിവാഹിതനായ ഈ എഴുപത്തിയെട്ടുകാരൻ ജൻമനാടായ തൃശൂരിനോട് വിടപറഞ്ഞ് പ്രകൃതിയുടേയും, ജീവ ജാലങ്ങളുടേയും പ്രിയതോഴനായി ഭാരതത്തിലുടനീളം അവധൂതനെപ്പോലെ സഞ്ചരിച്ചു. അതിനിടെ വയനാട്, കുടക് പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലും, റബ്ബർ എസ്റ്റേറ്റുകളിലുമായി ജോലി ചെയ്തു. പിന്നീട് കോടിയേരി പാറാലിൽ നിർമ്മിച്ച, ആശ്രമ സമാനമായ ഉദ്യാനത്തിലായി താമസം.14 പൂച്ചകളും, പത്ത് പട്ടികളും മാത്രമല്ല, പാമ്പുകളും, മുള്ളൻപന്നിയുമെല്ലാം എപ്പോഴും ഈ മനുഷ്യന് കൂട്ടിനുണ്ടാകും. മുളങ്കാടുകൾക്കിടയിൽ പാമ്പുകൾ സ്ഥിരതാമസമാക്കിയതും, അവയ്ക്ക് സോമൻ കൃത്യമായി ഭക്ഷണം നൽകുന്നതും പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ ഭയന്ന് പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് സോമനെ കസ്റ്റഡിയിലെടുത്തു. പാമ്പുകളെ പരിയാൻ കഴിയാതെ വന്നതോടെ, 16 വർഷത്തെ പാറാലിലെ താമസമവസാനിപ്പിച്ച്, പന്തക്കലിലേക്ക് താമസം മാറ്റി. അവിടെയും കമനീയമായ ഉദ്യാനം തീർത്തു. പുറത്തും ഉദ്യാന നിർമ്മിതിക്ക് പോകും. ഇവിടേയും കുട്ടുകാരായി നിരവധി പട്ടികളും പൂച്ചകളുമെല്ലാമുണ്ട്. പുലർകാലെ കാക്കകളാണ് താമസസ്ഥലത്തെത്തി സോമനെ വിളിച്ചുണർത്തുന്നത്. സന്ധ്യാനേരത്ത് ജോലി ചെയ്യുന്ന തൊട്ടടുത്ത നഴ്‌സറിയിലും ഇവർ കൂട്ടത്തോടെ വന്നെത്തും. രണ്ട് നേരവും ഭക്ഷണം നൽകും. പൂച്ചകൾക്കും, പട്ടികൾക്കുമായി മാത്രം ഭക്ഷണ ചിലവ് ചുരുങ്ങിയത് 250 രൂപയെങ്കിലും വേണം. ജോലിയില്ലാതിരുന്ന കോവിഡ് കാലത്ത് സോമന് പട്ടിണി കിടക്കേണ്ടി വന്നപ്പോഴും, മക്കളെ പോലെ സ്‌നേഹിക്കുന്ന പട്ടികൾക്കും, പൂച്ചകൾക്കും, കാക്കകൾക്കുമെല്ലാം കൃത്യമായി ഭക്ഷണം നൽകാൻ മറന്നില്ല.
കടയുടെ മുകളിലെ ഒറ്റമുറിയിലാണ് പുച്ചകൾക്കൊപ്പം താമസം. സോമന്റെ നെഞ്ചിൽ കയറിക്കിടന്ന് പൂച്ച പ്രസവിച്ച സംഭവവുമുണ്ടായിട്ടുണ്ട്. മറ്റൊരിക്കൽ പട്ടിയെ പിടിക്കാൻ മലമ്പാമ്പ് ശ്രമിച്ചപ്പോൾ, തന്റെ ചുമലിൽ ചാടിക്കയറി പട്ടി രക്ഷപ്പെട്ട രംഗം സോമന്ന് മറക്കാനാവുന്നില്ല.
സസ്യ – ജീവ ശാസ്ത്രത്തിൽ അഗാധമായ ജ്ഞാനമുള്ള ഇദ്ദേഹം ചെടികൾ മുളപ്പിക്കാനും, ഗ്രാഫ്റ്റിങ്ങ് നടത്തി പുതുപരീക്ഷണങ്ങൾ നടത്താനും സമർത്ഥനാണ്.
പകൽ മുഴുവൻ പല തരം ചെടികളോടും, പൂക്കളോടും സല്ലപിക്കുന്ന ഈ മനുഷ്യൻ, അവശേഷിക്കുന്ന സമയമത്രയും പട്ടികളോടും, പൂച്ചകളോടും, കാക്കകളോടുമെല്ലാം കളി തമാശകൾ പറഞ്ഞും തലോടിയുമിരിക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *