മൈസൂരു:വീട്ടിനുള്ളിൽ കൊടുംവിഷമുള്ള പാമ്പുകളെയും കാട്ടുപൂച്ചകളെയും, വെരുകിനെയും അനധികൃതമായി സൂക്ഷിച്ച യുവാവിനെ വനംവകുപ്പ് സിഐഡി അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സന്ദീപ് എന്ന ദീപുവിന്റെ വീട്ടിൽ വനംവകുപ്പിൻറെ സിഐഡി സംഘം റെയ്ഡിനെത്തിയത്. വീട്ടിനുള്ളിൽ കടന്ന ഉദ്യോഗസ്ഥൻ ഞെട്ടിക്കുന്ന വിധത്തിൽ ഒൻപതിനം പാമ്പുകളാണ് പ്രത്യേകം തയ്യാറാക്കിയ അറകളിലുണ്ടായിരുന്നത്. മൂർഖൻ പാമ്പ് നാലെണ്ണം, കാട്ടുപാമ്പ് (2),വെള്ളിക്കെട്ടൻ(2), വെള്ളിവരയൻ(2), വരയൻ ചുരുട്ട(1), ചുരുട്ട മണ്ഡലി(1), മഞ്ഞച്ചേര(2), നീർക്കോലി(1), മണ്ണൂലി (3) എന്നീ പാമ്പുകളെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
വിഷപ്പാമ്പുകൾക്ക് പുറമെ നാല് വെരുകുകളെയും കാട്ടുപൂച്ചകളെയും കണ്ടെത്തി. പാമ്പിൻ വിഷം യുവാവ് തയ്യാറാക്കി വച്ചിരുന്നതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി സന്ദീപിനെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.