മാഹി: മയ്യഴിയുടെ ദേശീയോത്സവമായ സെന്റ് തെരേസ ദേവാലയത്തിലെ മഹോൽസവത്തിന് നാളുകൾ മാത്രം ബാക്കി നിൽക്കെ, വിദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ വന്നെത്തുന്ന നഗരം പല ഭാഗത്തും ഇരുട്ട് മൂടിക്കിടക്കുന്നു. തെരുവ് വിളക്ക് മിക്കതും കണ്ണടച്ചിരിക്കുന്നു. അഴിമുഖത്തെ
ടാഗോർ പാർക്കി (റിവർ സൈഡ് വോക്ക് വേ) ലെ വൈദ്യുത അലങ്കാരവിളക്കുകൾ ഒന്നടങ്കം കണ്ണടച്ചതോടെ രാത്രികാലങ്ങളിൽ ഇവിടെ വിനോദത്തിനായി എത്തുന്നവർ ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ്. പോരാത്തതിന് പാർക്കിൽ ശുചീകരണ പ്രവൃത്തി നിലച്ചിട്ട് മാസങ്ങളായി. കുട്ടികളുടെ പാർക്കിൽ ഇരുട്ട് മൂടിയതിനാൽ കളിയുപകരണങ്ങളിൽ കുട്ടികൾക്ക് കളിക്കാനുമാവില്ല. ഇവിടെ ശുചീകരണ തൊഴിലാളികളുടേയും പൊലീസിന്റെയും സേവനം അനിവാര്യമാണ്.പെരുന്നാളിനോടനുബന്ധിച്ച് മാഹിപ്പാലവും
പൂഴിത്തലവരെയുള്ളഭാഗവും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രീതിയിൽ ടാർ മിശ്രിതം ഉപയോഗിച്ച് കുഴികൾ അടച്ചെങ്കിലും, ഗുണനിലവാരമില്ലാത്ത പ്രവൃത്തിയായതിനാൽ തൊട്ടടുത്ത ദിവസം തന്നെ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇവിടെ അധികൃതരുടെ സത്വര ശ്രദ്ധ പതിയേണ്ടതുണ്ട്.