കൊച്ചി: വികസനക്കുതിപ്പിന് തുടക്കമിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഡിജിയാത്ര അടക്കം സുപ്രധാന പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്.
സിയാലില്‍ പൂര്‍ത്തിയായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്‌റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക്സ് സുരക്ഷാവലയം എന്നിവയുടെ നിര്‍മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക.
വിമാനത്താവള ടെര്‍മിനലുകളിലെ പുറപ്പെടല്‍ പ്രക്രിയ, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുഗമമാക്കുന്ന സംവിധാനമാണ് ഡിജി യാത്ര.
ആഭ്യന്തര ടെര്‍മിനലില്‍ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും. ബെല്‍ജിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകളാണ് ഇവിടെ ഉപയോഗിക്കുക. സിയാല്‍ ഐടി വിഭാഗമാണ് ഡിജിയാത്ര സോഫ്‌റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തത്.
നിലവിലെ അന്താരാഷ്ട്ര ടെര്‍മിനലിന്റെ വടക്കുഭാഗത്തുകൂടി പുതിയ ഏപ്രണ്‍ നിര്‍മിക്കും.15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ഏപ്രണില്‍ എട്ട് പുതിയ എയ്‌റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം. ഇതോടെ വിമാന പാര്‍ക്കിങ് ബേയുടെ എണ്ണം 44 ആകും. പദ്ധതിയുടെ ഒന്നാംഘട്ടത്തിനാണ് തറക്കല്ലിടുന്നത്.
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിവര്‍ഷ കാര്‍ഗോ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണാകും. യാത്രക്കാര്‍ക്ക് ഹ്രസ്വ വിശ്രമത്തിന് രïാം ടെര്‍മിനലിന് സമീപം ലക്ഷ്വറി എയ്‌റോ ലോഞ്ചിന് തറക്കല്ലിടും.
42 ആഡംബര ഗസ്റ്റ് റൂമുകള്‍, റസ്റ്റോറന്റ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് എയ്റോ ലോഞ്ചിനുള്ളത്.
വിമാനത്താവള അഗ്‌നി രക്ഷാസേനയെ എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസാക്കി ആധുനികവല്‍ക്കരിക്കും.
അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേക്ക് വാങ്ങിയ രണ്ട് ഓസ്ട്രിയന്‍ നിര്‍മിത ഫയര്‍ എന്‍ജിനുകള്‍, മറ്റു ആധുനിക വാഹനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും.
ഓപ്പറേഷണല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം എന്ന സംവിധാനത്തിന്റെ നിര്‍മാണോദ്ഘാടനവും നടക്കും.