കോട്ടയം കുടമാളൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം വേദനാജനകമാണ്. കർണാടക ബാങ്കിൽ നിന്ന് കെ.സി.ബിനു അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ രണ്ട് ഇൻസ്റ്റാൾമെന്റ് തുകയായ 28,000 രൂപ അടയ്ക്കാനുണ്ടായിരുന്നു. ഈ തുക തിരിച്ചടപ്പിക്കുന്നതിനായി ബാങ്കിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടികളുണ്ടായെന്നും ഇതാണ് കെ.സി ബിനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യയും പെൺമക്കളും ആരോപിക്കുന്നത്. കുടിശ്ശികയുള്ള തുകക്കായി ബാങ്ക് മാനേജർ അടക്കമുള്ളവർ കടയിൽ കയറി ഭീഷണിപ്പെടുത്തിയതായും മേശ വലിപ്പിൽ നിന്നും പണം എടുത്തുകൊണ്ടുപോയെന്നും, പല തവണ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ബാങ്ക് നിഷേധിക്കുകയും നിയമാനുസൃത നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ.സി.ബിനുവിന്റെ മൃതദേഹവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി.വൈ.എഫ്. ഐയും ബാങ്കിനു മുന്നിൽ പ്രതിഷേധിക്കുകയുണ്ടായി. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസും ഉറപ്പ് നൽകിയിട്ടുണ്ട്.
വ്യാപാരാവശ്യാർത്ഥവും മറ്റ് ആവശ്യങ്ങൾക്കും ബാങ്ക് ലോണുകൾ എടുക്കുന്നത് സാധാരണയാണ്. ഇങ്ങനെയെടുക്കുന്ന ലോണുകൾ നാട്ടുകാർ കൃത്യമായി അടക്കുന്നത് കൊണ്ടാണ് നാഷണലൈസ്ഡ് ബാങ്കുകളും, സഹകരണ ബാങ്കുകളും മുന്നോട്ട് പോകുന്നതെന്നത് തർക്കമറ്റ വസ്തുതയാണ്. ഭൂരിപക്ഷമാളുകളും ലോണുകൾ ഭംഗിയായി അടക്കുന്നവരാണ്. എന്നാൽ ചിലർക്ക് കൃത്യമായി അടക്കാൻ സാധിക്കില്ല. അതിന് അവർക്ക് ന്യായമായ കാരണങ്ങളുമുണ്ടാകും. അത് ബന്ധപ്പെട്ടവർ മനസിലാക്കി കാർക്കശ്യ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് നല്ല സമീപനത്തോടെ പ്രശ്‌ന പരിഹാരത്തിന് മാർഗ്ഗങ്ങൾ കണ്ടെത്താൻ ഇരു കൂട്ടരും ശ്രമിക്കുകയാണ് വേണ്ടത്.
ഒരു വ്യാപാരി ലോൺ എടുക്കുന്നത് കച്ചവടാവശ്യാർത്ഥമാണ്. കച്ചവടത്തിൽ പ്രയാസം വന്നാൽ ലോൺ കൃത്യമായി അടവിന് തടസ്സം വരും. ഇങ്ങനെ വരുമ്പോൾ ബാങ്കധികൃതർ ലോണെടുത്ത വ്യക്തികളെയും, ബന്ധപ്പെട്ടവരെയും സമീപിച്ചാൽ തീർച്ചയായും ന്യായമായ പരിഹാരം ലഭിക്കുമെന്നതിൽ തർക്കമില്ല. കേവലം രണ്ടടവ്(28000 രൂപ) ഉണ്ടായിരുന്നപ്പോഴാണ് വിലപ്പെട്ട ഒരു മനുഷ്യ ജീവൻ നഷ്ടപ്പെട്ടത് എന്ന് ബന്ധപ്പെട്ടവർ ഓർക്കണം. ഒരു കുടുംബത്തിന്റെ നാഥനെയാണ് നഷ്ടപ്പെട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബാങ്കധികാരികൾ ജാഗ്രത പുലർത്തണം. ബാങ്ക് ജീവനക്കാർ നേരിടുന്ന സമ്മർദ്ദം മറന്നുകൊണ്ടല്ല ഇത് രേഖപ്പെടുത്തുന്നത്. ഏത് വിഷയത്തിനും പരിഹാരമുണ്ടാക്കാൻ സാധിക്കുന്ന സാമൂഹിക സാഹചര്യം നിലവിലുള്ളപ്പോൾ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.