ന്യൂഡൽഹി: പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിന്റെ മുംബൈ യോഗത്തിലെ തീരുമാനത്തിൽ രൂപീകരിച്ച വിവിധ സമിതിക്ക് സാധ്യതയില്ല.
സെപ്റ്റംബർ ഒന്നിന് സമാപിച്ച ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിലായിരുന്നു 14 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചത്. ഇതിൽ 13 പാർട്ടികളുടെ പ്രതിനിധികളെ അന്ന് തന്നെ തീരുമാനിച്ചിരുന്നു. സി.പി.എം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സെപ്റ്റംബർ 17-ന് ഡൽഹിയിൽ അവസാനിച്ച പോളിറ്റ് ബ്യൂറോ യോഗത്തിന് പിന്നാലെ, ഇന്ത്യ സഖ്യത്തിൽ അംഗമായി തുടരുമെങ്കിലും ഏകോപനസമിതിയിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനമെന്ന് സി.പി.എം. അറിയിച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി തുടരുമെങ്കിലും അംഗങ്ങളായ പാർട്ടികളുടെ തീരുമാനത്തിനുമുകളിൽ പ്രത്യേക സമിതികൾ വേണ്ടെന്നാണ് നിലപാടെന്ന് സി.പി.എം. വ്യക്തമാക്കിയിരുന്നു. പല പാർട്ടികളിൽനിന്ന് പ്രധാന നേതാക്കൾ ഇല്ലാത്ത സമിതിക്ക് നിർണായക തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നായിരുന്നു വിട്ടുനിൽക്കലിനെ സി.പി.എം. നേതാക്കൾ വിശദീകരിച്ചിരുന്നത്.
ഗാന്ധി കുടുംബത്തിൽനിന്ന് ആരുമില്ലാത്ത ഏകോപനസമിതിയിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നത് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ്. എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, ഡി.എം.കെ. എം.പി. ടി.ആർ. ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ആർ.ജെ.ഡി. നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജെ.എം.എം. നേതാവ് ഹേമന്ത് സോറൻ, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി, എ.എ.പി. നേതാവ് രാഘവ് ഛദ്ദ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ജെ.ഡി.യു. നേതാവ് ലല്ലൻ സിങ്, സമാജ്വാദി പാർട്ടി നേതാവ് ജാവേദ് അലി ഖാൻ എന്നിവരാണ് മറ്റ് ഏകോപനസമിതി അംഗങ്ങൾ.