പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയർ അഭിഭാഷകൻ കെ.പി സതീശൻ സ്ഥാനം രാജിവച്ചു. സതീശൻ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.സതീശനെ മാറ്റണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.
കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയർ അഭിഭാഷകനായ അഡ്വ. കെപി സതീശനെയും അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പിവി ജീവേഷിനെയും സർക്കാർ നിയമിച്ചിരുന്നു. നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം മധുവിന്റെ അമ്മ സങ്കട ഹരജി നൽകിയിരുന്നു. കെ.പി സതീശനെ നിയമിച്ച സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി. ചീഫ് ജസ്റ്റിസ് പ്രശ്നത്തിൽ ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. മധുവിന്റെ കുടുംബത്തോട് കൂടിയാലോചന നടത്താതെയാണ് സെപ്ഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചെന്നാണ് മധുവിന്റെ അമ്മയുടെ പ്രധാന ആരോപണം.