തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബറിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതോടെ താരങ്ങൾ പ്രതിസന്ധിയിൽ. സംസ്ഥാന, ദക്ഷിണേന്ത്യൻ ജൂനിയർ മീറ്റുകൾ നടക്കുന്ന അതേ സമയത്താണ് സബ് ജില്ല മുതൽ സംസ്ഥാന തലം വരെയുള്ള സ്‌കൂൾ മീറ്റുകളും നടത്തുന്നത്. ഇതിനിടെ പ്ലസ് വൺ സപ്ലിമെന്ററി പരീക്ഷയുമുണ്ട്.
ഇത്തവണത്തെ അക്കാദമിക് കലണ്ടർപ്രകാരം സംസ്ഥാന കായികമേള നവംബർഡിസംബർ മാസങ്ങളിലാണ്. അതാണ് കായിക അധ്യാപകരോടു പോലും ആലോചിക്കാതെ ഒക്ടോബർ 16 മുതൽ 20 വരെയാക്കിയത്. ഈമാസം 30 മുതൽ ഒക്ടോബർ 2 വരെ കോഴിക്കോട്ടു സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പുണ്ട്. അതിനൊപ്പമാണ് ഒക്ടോബർ ആദ്യവാരം സബ്ജില്ലാ സ്‌കൂൾ മീറ്റുകളും നടത്തേണ്ടത്. തുടർന്ന് രണ്ടാം വാരം ജില്ലാ മീറ്റുകളും നടത്തണമെങ്കിലും 9 മുതൽ 13 വരെ പ്ലസ് വൺ സപ്ലിമെന്ററി പരീക്ഷയുണ്ട്.
എന്നിട്ടും പല ജില്ലകളിലും 12 മുതൽ ജില്ലാ മീറ്റ് നിശ്ചയിച്ചിരിക്കുകയാണ്. അങ്ങനെ നടത്തിയാൽ തന്നെ ഒരു ദിവസത്തെ മാത്രം ഇടവേളയിൽ കുന്നംകുളത്ത് സംസ്ഥാന മീറ്റിന് ഇറങ്ങേണ്ടി വരും. നേരത്തേ പ്രഖ്യാപിച്ച ദക്ഷിണേന്ത്യൻ ജൂനിയർ മീറ്റ് ഇതിനിടെ 15 മുതൽ 17 വരെ വാറങ്കലിലുണ്ട്.
സംസ്ഥാന സ്‌കൂൾ മീറ്റിനും ദക്ഷിണേന്ത്യൻ ജൂനിയർ മീറ്റിനും യോഗ്യത നേടുന്നവർക്ക് ഇതിലൊന്ന് ഒഴിവാക്കേണ്ടിവരും. ഇതിനിടെ സപ്ലിമെന്ററി പരീക്ഷ കൂടി എഴുതേണ്ടിവരുന്നവരാകും കടുത്ത സമ്മർദത്തിലാകുക. സംസ്ഥാനദക്ഷിണേന്ത്യൻ ജൂനിയർ മീറ്റുകളുടെ ഷെഡ്യൂൾ ദേശീയ അത്ലറ്റിക് ഫെഡറേഷൻ വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചതാണ്. അതു പരിഗണിക്കാതെയാണ് അതേ സമയത്തു സ്‌കൂൾ മീറ്റുകളും പ്രഖ്യാപിച്ചത്.
ഒക്ടോബർ 25 മുതൽ നവംബർ 9 വരെ ഗോവയിൽ ദേശീയ ഗെയിംസ് നടക്കുകയാണ്. അതിൽ പങ്കെടുക്കേണ്ട ഒഫീഷ്യലുകൾക്ക് സ്‌കൂൾ മീറ്റിലും പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് കുട്ടികളെ വലയ്ക്കുന്ന പുതിയ സമയക്രമം തീരുമാനിച്ചത്.
ഒരു മത്സരശേഷം 56 ദിവസത്തെ വിശ്രമം പോലുമില്ലാതെ അടുത്ത മത്സരത്തിന് ഇറങ്ങേണ്ടിവരിക ക്രൂരതയാണ്. പ്രകടനം മോശമാകുമെന്നു മാത്രമല്ല, പരുക്കിനും സാധ്യതയേറെയാണ്.