ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ചുവപ്പുകാർഡ് കിട്ടിയ മലയാളി താരം എമിൽ ബെന്നിയെ തിരികെ കളത്തിലേക്ക് വിളിച്ച് റഫറി. ഇന്നലെ ജംഷഡ്പൂർ എഫ്സി-ഈസ്റ്റ് ബംഗാൾ എഫ്സി പോരാട്ടത്തിനിടെയായിരുന്നു അപൂർവ്വമായ സംഭവം.
95-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ സോൾ ക്രസ്പോയെ വീഴ്ത്തിയതിനാണ് എമിൽ ബെന്നിക്കെതിരെ റഫറി ജമാൽ മുഹമ്മദ് ആദ്യം ചുവപ്പുകാർഡെടുത്ത് വീശിയത്. പുറത്തേക്ക് കൈ ചൂണ്ടി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. സ്തബ്ധനായ എമിൽ പുറത്തുകടന്നു. ടണലിലേക്ക് പ്രവേശിക്കാൻ തുടങ്ങവെ റഫറി, റെഡ് കാർഡ് യെല്ലോ ആക്കി മാറ്റി ബെന്നിയെ ഒരു ചിരിയോടെ തിരിച്ചുവിളിക്കുകയായിരുന്നു. അബദ്ധത്തിലാണ് റഫറി താരത്തിന് ചുവപ്പുകാർഡ് കാണിച്ചത്.
ജംഷഡ്പൂർ-ഈസ്റ്റ് ബംഗാൾ മത്സരം ഗോളില്ലാ സമനിലയിൽ കലാശിച്ചു. തുടർച്ചയായ നാലാം വർഷമാണ് ഈസ്റ്റ് ബംഗാൾ ഉദ്ഘാടന മത്സരത്തിൽ വിജയിക്കാതെ പോകുന്നത്. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും അതൊന്നും മുതലാക്കാനായില്ല.