കോഴിക്കോട്: ചെറുകിട, ഇടത്തരം പാദരക്ഷാ നിർമാണ സംരംഭങ്ങളുടേയും അനുബന്ധ വ്യവസായ യൂനികളുടേയും ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തരത്തിൽ ബിഐഎസ് ഗുണമേന്മാ മാനദണ്ഡം നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപകമായി ഫൂട്ട് വെയർ വ്യവസായികളും സംരംഭകരും പ്രതിഷേധ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ഓൾ ഇന്ത്യ എംഎസ്എംഇ ഫൂട്ട് വെയർ കൗൺസിലിന്റെ നേതൃത്വത്തിൽ കോഴിക്കോട് മോഡേൺ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രതിഷേധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നന്ന് 400ലധികം സ്ഥാപനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഫൂട്ട് വെയർ വ്യവസായ രംഗത്ത് അശാസ്ത്രീയമായി ബിഐഎസ് മാനദണ്ഡങ്ങൾ നിർബന്ധിച്ച് നടപ്പിലാക്കാനുള്ള തീരുമാനം ചെറുകിട വ്യവസായ യൂനിറ്റുകളുടെ നിലനിൽപ്പ് അപകടത്തിലാക്കും. ഉൽപ്പാദന പ്രക്രിയ, ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ, പാദരക്ഷാ ഇനങ്ങൾ തുടങ്ങിയവ പരിഗണിക്കാതെ എല്ലാ ഫൂട്ട് വെയർ ഉൽപ്പന്നങ്ങൾക്കും ഒറ്റയടിക്ക് ബിഐഎസ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നത് അപ്രായോഗികമാണ്. ഓൾ ഇന്ത്യ എംഎസ്എംഇ ഫൂട്ട് വെയർ കൗൺസിൽ ദേശീയ ചെയർമാൻ വികെസി റസാഖ് പറഞ്ഞു.
ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവുകളിലെ അവ്യക്തത ഫൂട്ട് വെയർ മേഖലയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ബിഐഎസ് മാനദണ്ഡം ആവിശ്യമില്ലെന്ന ഉത്തരവ് നിലനിൽക്കെ, സർക്കുലറുകളിൽ ബിഐഎസ് ഇവയെ കൂടി ഉൾപ്പെടുത്തിയത് ആശയക്കുഴപ്പമുണ്ടാക്കുന്നതായും വ്യവസായികൾ പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് ഇതു നടപ്പിലാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പാക്കാത്തതിൽ വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചു. ഒരു ഫാക്ടറിക്ക് ഒരു ലൈസൻസ്, കെമിക്കൽ ടെസ്റ്റുകളുടെ പ്രയോഗികത, റീപ്രോസസ് ചെയ്ത വസ്തുക്കളുടെ ഉപയോഗത്തിനുള്ള തടസം നീക്കൽ, ഡിസംബർ 31നു മുൻപായി ഉൽപ്പാദനം കഴിഞ്ഞ സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള സമയം അനുവദിക്കുക തുടങ്ങിയ വ്യാപാരികളുടെ ആവശ്യങ്ങളിൽ അനൂകൂല തീരുമാനമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു. എന്നാൽ നിർബന്ധ ബിഐഎസ് മാനദണ്ഡം നിലവിൽ വരാൻ മൂന്ന് മാസം മാത്രം ശേഷിക്കെ ഇതുവരെ ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകാത്തത് വ്യവസായികളെ പ്രതിസന്ധിയിലാക്കുമെന്ന് ഓൾ ഇന്ത്യ എംഎസ്എംഇ ഫൂട്ട് വെയർ കൗൺസിൽ ജനറൽ കൺവീനർ ധർമേന്ദർ നരുല പറഞ്ഞു.