തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ തീരുമാനം ഉടനുണ്ടാകും. സർക്കാരിന്റെ മേഖലാ അവലോകന യോഗത്തിന് ശേഷമായിരിക്കും നടപടിയുണ്ടാകുക എന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. അടുത്ത ആഴ്ചയിലെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും.
2041വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ വൈദ്യുതി കരാറാണ് കഴിഞ്ഞ മെയിൽ സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ തയ്യാറാക്കിയത്. ഇതിന് പിന്നാലെ വലിയ പ്രതിസന്ധികൾ സംസ്ഥാനത്തുണ്ടായിരുന്നു. ഉയർന്ന വിലക്ക് വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ട ഗതകേടിലായിരുന്നു കെ.എസ്.ഇ.ബി. പ്രതിദിനം 10 കോടി മുതൽ 15 കോടി വരെ അധികം നൽകി കൊണ്ട് വൈദ്യുതി വാങ്ങേണ്ടിയിരുന്നു.
ഈ കരാർ റദ്ദാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കാനൻ ചീഫ് സെക്രട്ടറി വി വേണു അധ്യക്ഷനായ സമിതിയോട് സർക്കാർ നിർദേശിക്കുകയായിരുന്നു. ഈ സമിതി ഇപ്പോൾ റിപ്പോർട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് നൽകിയിട്ടുണ്ട്. റദ്ദാക്കിയ വൈദ്യുതി കരാർ പുനസ്ഥാപിക്കണമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം മന്ത്രി ആവശ്യമായ തീരുമാനമെടുക്കുകയും അതിന് ശേഷം ഇത് മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറുകയും ചെയ്യും.