ഖുർആൻ അവഹേളനം, ശക്തമായി അപലപിച്ച് കുവൈത്ത്

ഖുർആൻ അവഹേളനം, ശക്തമായി അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: നെതർലൻഡ്‌സിലെ ഹേഗിൽ നിരവധി എംബസികൾക്ക് മുന്നിൽ ഒരു തീവ്രവിഭാഗം ഖുർആന്റെ പകർപ്പുകൾ വലിച്ചുകീറിയതിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നിരന്തരമുണ്ടാവുന്ന വിദ്വേഷകരമായ ഇത്തരം പ്രവൃത്തികൾ ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പൂർണമായും തള്ളിക്കളയുകയാണെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഇത് വെറുപ്പും വിദ്വേഷവും വംശീയതയും പ്രേരിപ്പിക്കുന്നതാണ്. ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തെ ഇത്തരം പ്രവൃത്തികൾ ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖുർആന്റെ കോപ്പി വലിച്ചുകീറി അവഹേളിച്ചതിനെ ഒ.ഐ.സിയും മുസ്‌ലിം വേൾഡ് ലീഗും അപലപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്, മതവിദ്വേഷം സൃഷ്ടിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രവൃത്തികളെ നേരിടാനും അവ ആവർത്തിക്കുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് നെതർലൻഡ്‌സ് അധികാരികളോട് ആവശ്യപ്പെട്ടു.

ഖുർആൻ കോപ്പി വലിച്ചുകീറിയ സംഭവം ലജ്ജാകരവും മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് മുസ്‌ലിംവേൾഡ് ലീഗ്ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ അപലപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *