കരുവന്നൂർ രൂക്ഷമാക്കിയത് സർക്കാർ നിലപാട്

കരുവന്നൂർ രൂക്ഷമാക്കിയത് സർക്കാർ നിലപാട്

തൃശ്ശൂർ: സഹകരണമേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും കരുവന്നൂർ ബാങ്കിന് 100 കോടിയുടെ സഹായം നൽകാനുള്ള 50 സഹകരണ ബാങ്കുകളുടെ കൂട്ടായ തീരുമാനം നടപ്പാകാതെ പോയത് സർക്കാർ ഉറപ്പുനൽകാത്തതിനാലാണ്. 100 കോടിക്ക് സർക്കാർ ഗ്യാരന്റി നൽകണമെന്നായിരുന്നു 50 സഹകരണ ബാങ്കുകളുടെയും ആവശ്യം. ഇതിന് സർക്കാർ തയ്യാറാകാെത വന്നതോടെ കൺസോർഷ്യം നീക്കം പരാജയപ്പെട്ടു. അത് കരുവന്നൂർ ബാങ്ക് പ്രശ്‌നം രൂക്ഷമാകുന്നതിലേക്ക് നയിച്ചു.

സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് പറയുന്നതിന് രൂപവത്കരിച്ച ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡ് ഉറപ്പുനൽകുന്ന തുക ഒരുലക്ഷത്തിന്റെ പരിരക്ഷ മാത്രമാണ്. കോടികളുടെ നിക്ഷേപമുണ്ടെങ്കിലും സ്ഥാപനം പൂട്ടുമ്പോൾ കിട്ടുക ഒരുലക്ഷം മാത്രം. ഇത് അഞ്ചുലക്ഷമാക്കാനുള്ള തീരുമാനമുണ്ട്. എന്നാൽ, ഉത്തരവ് ഇറങ്ങിയിട്ടില്ല.

സഹകരണമേഖലയിലെ ‘ചില്ലിക്കാശുകൾ’ സുരക്ഷിതമല്ലെന്ന് തെളിയിക്കാനുള്ള ഉദാഹരണങ്ങൾ തൃശ്ശൂരിലുമുണ്ട്. ആറായിരത്തോളം സാധാരണക്കാരുടെ 35 കോടി നിക്ഷേപമുള്ള പുത്തൂർ സഹകരണ ബാങ്ക് പ്രതിസന്ധിയിലായത് 2014 ഡിസംബറിൽ. ഇപ്പോൾ ഒൻപതുവർഷമായിട്ടും ഈ ബാങ്കിലെ നിക്ഷേപകരുടെ ചില്ലിക്കാശ് തിരികെ നൽകിയിട്ടില്ല. 2014 മുതലുള്ള പലിശയും കൂട്ടുമ്പോൾ തിരികെ കൊടുക്കാനുള്ളത് 55 കോടിയോളമാണ്.

കരുവന്നൂർ ബാങ്കിലെ 5400-ൽപ്പരം നിക്ഷേപകർക്ക് 2021 ജൂലായ് മുതൽ തിരികെ നൽകിയത് കാലാവധിയായ നിക്ഷേപത്തിന്റെ 10 ശതമാനം മാത്രം. ഈ ബാങ്കിനെ സഹായിക്കാനായി രംഗത്തെത്തിയ ജില്ലയിലെ 50 സഹകരണ ബാങ്കുകളുടെ ചുവടുവെപ്പ് നിരുത്സാഹപ്പെടുത്തുന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. ഈ നടപടി കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നതിലേക്കാണ് നയിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *