തിരുവനന്തപുരം: കേരളത്തിന് അനുവദിച്ചരണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നൽകിയതിലെ എതിർപ്പാണ് കെ.മുരളീധരൻ വിമർശനവുമായി രംഗത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ ബിജെപി രാഷ്ട്രീയയാത്രയായി മാറ്റിയെന്ന കെ.മുരളീധരന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.പ്രത്യേകം ക്ഷണം ലഭിച്ചവരാണ് ആ ട്രെയിനിൽ യാത്ര ചെയ്തത്. എംപിമാരുടെ കയ്യിലുണ്ടായിരുന്ന അതേ പാസ്, ബിജെപിക്കാരുടെയും കയ്യിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. എംപിമാർക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകനായ എംപി. സാധാരണക്കാർക്കൊപ്പം യാത്ര ചെയ്യാനാണ് ആഗ്രഹിക്കേണ്ടതെന്നും കെ.മുരളീധരനെ വി.മുരളീധരൻ ഉപദേശിച്ചു. ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ.മുരളീധരന്റേതെന്നും അദ്ദേഹം പരിഹസിച്ചു. താൻ കഴിഞ്ഞ 50 വർഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും, കെ.മുരളീധരൻ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് മാറിയിട്ടുണ്ടെന്നും വി.മുരളീധരൻ പരിഹസിച്ചു. മറുപടി അർഹിക്കുന്ന ഒരു വിമർശനം പോലും കെ.മുരളീധരൻ ഉന്നയിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.