വയനാട്: ആദിവാസികളെ വായ്പാതട്ടിപ്പിനിരയാക്കിയത് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് മന്ത്രിയുടെ നിർദേശം. പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് എസ്.പിക്ക് നിർദേശം നൽകിയത്. പട്ടികവർഗ വകുപ്പിനോടും പരിശോധന നടത്താൻ മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ കലക്ടർ സ്ഥലത്തില്ലാത്ത സാഹചര്യത്തിലാണ് എസ്.പിക്ക് നിർദേശം നൽകിയത്. തട്ടിപ്പിനിരയായവരുടെ പേര് വിവരങ്ങൾ ശേഖരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.ഓൺലൈനായും ഓഫ്ലൈനായും തട്ടിപ്പ് നടക്കുന്നുണ്ട്. കോളനികളിൽ ആദിവാസികളുടെ നിരക്ഷരതയും ദാരിദ്ര്യവും മുതലെടുത്തു കൊണ്ട് ധനസഹായം നൽകുന്നുവെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച് തട്ടിപ്പിനിരയാക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായ്പകൾ അംഗീകൃത ഏജൻസികളിലൂടെയാകണമെന്ന സ്ഥിതിവരേണ്ടതുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇന്നലെ കൽപറ്റ എം.എൽ.എ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു..