അകത്ത് ലഹരി പുറത്ത് ഉൻമാദം

അകത്ത് ലഹരി പുറത്ത് ഉൻമാദം

ചാലക്കര പുരുഷു

മാഹി: മദ്യം വിളയുന്ന മയ്യഴിയിൽ മദ്യക്കുപ്പികളും സുലഭം. ലഹരിയുടെ ശേഷിപ്പായ പലതരം മദ്യക്കുപ്പികളികൽ, കലാസ്വാദകരുടെ മനസ്സിനെ ഉൻമത്തമാക്കുന്ന സൃഷ്ടികളുമായി ഒരു ചിത്രകാരി.
ഇനാമൽ, അക്രലിക്, ഗ്ലിറ്റർ, മെറ്റൽ, വാർണിഷ് എന്നിവ ഉപയോഗിച്ചാണ് കലൈമാമണി സതീശങ്കർ പല തരം രചനകൾ നടത്തുന്നത്.മ്യുറൽ, ജീവജാലങ്ങൾ, ദൈവ രൂപങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ കുപ്പിയുടെ ആകൃതിക്കനുസരിച്ച് വരച്ച് വെക്കും.ഇതിനകം നൂറുകണക്കിന് കുപ്പികളിൽ കമനീയമായ രൂപങ്ങൾ ആലേഖനം ചെയ്തു കഴിഞ്ഞു. കൊറോണക്കാലമായതിനാൽ സംഭരിച്ചു വെച്ച കുപ്പികളിലെല്ലാം വരച്ചുകഴിഞ്ഞു. ആവശ്യക്കാരും വന്നെത്തുന്നുണ്ട്. ചുമർചിത്ര രചനയിലും, ലാന്റ് സ്‌കേപ്പിലും, പോട്രൈറ്റിലും ഒരുപോലെ നിപുണയായ സതീശങ്കർ, പാഴ് വസ്തുക്കളെ തന്റെ കരവിരുത് കൊണ്ട്, മായികമായ കാഴ്ചവസ്തുക്കളാക്കും.തുണി, ഹാർഡ് ബോർഡ്, ഗ്ലിറ്ററിങ്ങ് പേപ്പർ, ടിഷ്യു പേപ്പർ. ധാന്യങ്ങൾ, തുങ്ങിയവ ഉപയോഗിച്ച് അതി മനോഹരമായ കരകൗശല വസ്തുക്കളും നിർമ്മിക്കും.
രാജ്യത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിവരുന്ന സതി ശങ്കർ, ജീവിതത്തിന്റെ സായം കാലത്തും പുതിയ പരീക്ഷണങ്ങൾ ശീലമാക്കുകയാണ്.
രവിവർമ്മ പുരസ്‌കാരം, പോണ്ടിച്ചേരി സർക്കാരിന്റെ കലൈമാമണി ബഹുമതി, തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾക്ക് നടുവിലും, സാമുഹിക പ്രവർത്തനം നടത്തി വരുന്ന ആർട്ടിസ്റ്റാണ് സതിശങ്കർ. സാമൂഹിക – സാംസ്‌കാരിക- കലാമേഖലകളിൽ സേവനപ്രവർത്തനങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്നസതിശങ്കർ കേരള കൾച്ചറൽ ഹെറിറ്റേജ് ഫോറത്തിന്റെ സജീവ പ്രവർത്തകയാണ്. ചിത്രകാരിയുടെ പ്രസിദ്ധമായ ‘എഴുത്തച്ഛൻ’ ചിത്രം കണ്ണൂർ ജില്ലയിലെ ഒരു സ്‌ക്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ആ ചിത്രത്തിന്റെ പേരിലാണ് പ്രസ്തുത വിദ്യാലയം ഇന്നറിയപ്പെടുന്നത് ‘ചിത്രകലയിൽ മാസ്റ്റർ ബിരുദമുള്ള സതിശങ്കർ പുതുച്ചേരി ആർട്ട് സ്‌കൂൾ ഡയറക്ടറും, നൂറ് കണക്കിന് ശിഷ്യരുടെ പ്രിയപ്പെട്ട ഗുരുവും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമാണ്.
മയ്യഴി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാ അദ്ധ്യാപികയായിരിക്കുമ്പോൾ, വരച്ച നൂറു കണക്കിന് ശിഷ്യരുടേയും സഹപ്രവർത്തകരുടെയും രേഖാ ചിത്രങ്ങൾ ഇന്നും തന്റെ ശേഖരത്തിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ചൂടിക്കോട്ടയിലെ വീടാകെ നൂറു കണക്കിന് ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്നു.
വർഷം തോറും മയ്യഴി പള്ളി പെരുന്നാളിന് നാടിന്റെ നാനാഭാഗത്തു നിന്നുമെത്തുന്നവരുടെ പോട്രൈറ്റുകൾ ടാഗോർ പാർക്കിൽ വെച്ച് നിമിഷങ്ങൾക്കുള്ളിൽ വരയ്ക്കുന്ന ഇവർ തീർത്ഥാടകർക്ക് കൗതുകവും വിസ്മയവുമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *