വെള്ളിത്തിരയിൽ പ്രതിഭ അടയാളപ്പെടുത്തിയ, മലയാള സിനിമയുടെ ഗതി മാറ്റിയ അനശ്വര സംവിധായകൻ കെ.ജി ജോർജ്ജ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജോർജ്ജ് കാക്കനാട്ടുള്ള വയോജന കേന്ദ്രത്തിൽ വിശ്രമ ജീവിതം നയിക്കവെയായിരുന്നു അന്ത്യം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനത്തിൽ ഡിപ്ലോമ നേടിയ ശേഷം രാമു കാര്യാട്ടിന്റെ സഹ സംവിധാകനായി സിനിമാ രംഗത്തേക്ക് ചുവട് വെച്ചു. സ്വപ്‌നാടനം എന്ന ആദ്യ സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടുകയും പിന്നീട് നിരവധി ശ്രദ്ധേയമായ സിനിമകൾക്ക് സംവിധാനമൊരുക്കുകയും ചെയ്തു. നിരവധി ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ അദ്ദേഹത്തെ സംസ്ഥാനം ജെ.സി.ഡാനിയേൽ അവാർഡ് നൽകി ആദരിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ, മാക്ടയുടെ സ്ഥാപക പ്രസിഡണ്ട്, ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവല്ലയിൽ കെ.ജി.സാമുവലിന്റെയും അന്നമ്മയുടെയും മകനായി 1946ലാണ് ജനനം. ഗായികയും നടിയുമായ സൽമ ജോർജ്ജാണ് ഭാര്യ. മക്കൾ അരുൺ. താര.
സിനമയുള്ളിടത്തോളം ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാളായി അദ്ദേഹം ജന മനസ്സിൽ നിറഞ്ഞു നിൽക്കും.