വി-ഗാർഡ് ബിഗ് ഐഡിയ 2023  ദേശീയ മത്സര വിജയികളെ പ്രഖ്യാപിച്ചു

വി-ഗാർഡ് ബിഗ് ഐഡിയ 2023 ദേശീയ മത്സര വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: മികവുറ്റ യുവ ബിസിനസ്, എഞ്ചിനീയറിങ് പ്രതിഭകളെ കണ്ടെത്താൻ വി-ഗാർഡ് ഇൻഡസ്ട്രീസ് വർഷംതോറും ദേശീയ തലത്തിൽ നടത്തിവരുന്ന ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വർഷത്തെ ബിഗ് ഐഡിയ ബിസിനസ് പ്ലാൻ മത്സരത്തിൽ ഐഐഎം ട്രിച്ചിയിൽ നിന്നുള്ള അർഷാദ് അലാവുദ്ദീൻ പിംപർ, സൗവിക് മോണ്ഡൽ, ആകാശ് ഹിരുഗഡേ എന്നിവർ ഒന്നാം സ്ഥാനം നേടി. ഐഐഎം കാശിപ്പൂർ ഒന്നാം റണ്ണർ അപ്പും എൻഐടിഐഇ മുംബൈ രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുത്തു. ഐഐഎം റാഞ്ചി, ടി.എ. പൈ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മണിപ്പാൽ, ഐഐഎം ബോധ്ഗയ എന്നീ സ്ഥാപനങ്ങൾ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി. 5ജി. എഐ. ഐഒടി പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ‘നല്ല നാളേക്കായി ഒരു മൾട്ടി ടാസ്‌കിങ് അടുക്കള’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചത്.

രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളിൽ നിന്നായി 300 ടീമുകളാണ് മാറ്റുരച്ചത്. അന്തിമ ഘട്ടത്തിലെത്തിയ 31 ടീമുകളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം നേടിയ ടീമിന് രണ്ടു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അര ലക്ഷം രൂപയും, ജൂറി പുരസ്‌കാര ജേതാക്കൾക്ക് കാൽ ലക്ഷം രൂപയുമാണ് സമ്മാനം.

എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി നടത്തിയ ഈ വർഷത്തെ ബിഗ് ഐഡിയ ടെക്ക് ഡിസൈൻ മത്സരത്തിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയൻസിൽ നിന്നുള്ള കൃഷ്ണ പ്രസാദ്, അഭിജിത്ത് ജിതേഷ്, വൈഭവ് കൃഷ്ണ ഒന്നാം സ്ഥാനം നേടി. ദി എൽഎൻഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി, ജയ്പ്പൂർ, കോങ്കു എഞ്ചിനീയറിംഗ് കോളേജ് ഈറോഡ് എന്നീ കോളേജുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ജേതാക്കൾക്ക് യഥാക്രമം ഒരു ലക്ഷം, അര ലക്ഷം, കാൽ ലക്ഷം രൂപ എന്നിങ്ങനെ സമ്മാനത്തുകയും വിതരണം ചെയ്തു.
ദ എൽഎൻഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി, എൻഐടി റൗക്കേല എന്നീ സ്ഥാപനങ്ങൾ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി.
കൊച്ചിയിൽ നടന്ന ഫൈനൽ മത്സരത്തിൽ അവസാന ഘട്ടത്തിലെത്തിയ ടീമുകൾ അവരുടെ ആശയങ്ങൾ മത്സര ജൂറി സമിതി മുമ്പാകെ അവതരിപ്പിച്ചു. വി-ഗാർഡിന്റെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളുമായി സംവദിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും യുവ പ്രതിഭകൾക്ക് അവസരം ലഭിച്ചു. മൗലികവും നവീനവുമായ ആശയങ്ങൾ, അതിന്റെ പ്രായോഗികത, ലാളിത്യം, വി-ഗാർഡിന്റെ ബിസിനസിൽ ഇതുണ്ടാക്കു സ്വാധീനം എന്നീ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

പുരസ്‌കാര ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ വി-ഗാർഡ് ഇൻസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *