കണ്ണൂർ: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണു കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പെന്നും അതിലൊരു സംശയവും വേണ്ടെന്നും സ്പീക്കർ എ.എൻ.ഷംസീർ. പട്ടുവം സഹകരണ ബാങ്കിന്റെ കൃഷി അനുബന്ധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ട്. അതു പരിഹരിക്കാനാണു പുതിയ സഹകരണ നിയമം പാസാക്കിയത്. സംസ്ഥാനത്തെ സഹകരണ മേഖലയെ ലക്ഷ്യമിട്ട്, കേരളത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ തകർക്കാം എന്നു ചിലർ നോക്കുന്നുണ്ട്. അപ്പോഴാണു കരുവന്നൂർ ഒരു ഭാഗത്തു വരുന്നത്. സഹകാരികളെ സ്വാധീനിക്കാനും വഴിതെറ്റിക്കാനും ആളുകൾ വരും. സഹകാരികൾ അതീവ ജാഗ്രത പുലർത്തേണ്ട കാലമാണ്. അടിക്കാനുള്ള വടി നമ്മൾ തന്നെ ചെത്തിക്കൊടുക്കരുത് സ്പീക്കർ പറഞ്ഞു.