ന്യൂഡൽഹി: കണ്ണൂർ കോടതി സമുച്ചയനിർമ്മാണ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകാനുള്ള ഹൈക്കോടതി വിധിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ തുടരുമെന്ന് വ്യക്തമാക്കിയത്. നിർമ്മാണ കരാർ ഊരാളുങ്കളിന് നൽകിയതിനെതിരായ ഹർജിയിൽ നവംബർ ഏഴിന് വിശദമായ വാദം കേൾക്കും.
കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയത് എ.എം. മുഹമ്മദ് അലിയുടെ നിർമ്മാൺ കൺസ്ട്രക്ഷൻസ് ആയിരുന്നു. എന്നാൽ, നിർമ്മാൺ കൺസ്ട്രക്ഷൻസ് നൽകിയ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ സ്റ്റേ ആണ് തുടരുമെന്ന് കോടതി വ്യക്തമാക്കിയത്.
കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നിർമ്മാണ കരാർ നൽകുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് നിർമ്മാൺ കൺസ്ട്രക്ഷൻസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. എന്നാൽ, സുപ്രീം കോടതിയിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് അടിക്കടി നിലപാട് മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. തുടർന്ന്, ഹർജിയിൽ വിശദമായ വാദം നവംബർ ഏഴിന് കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നീരജ് കിഷൻ കൗൾ, അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്യാം കുമാർ എസ് എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റെ പക്കൽ ആണെന്ന് വ്യക്തമാക്കി കേരളം കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു.