കോഴിക്കോട്: ബേപ്പൂർ, കൊച്ചി, ദുബായ് യാത്രാകപ്പൽ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി, സർബാനന്ദ സോനോവാളിന് ഇന്ത്യൻ അസോസിയേഷൻ ഷാർജ, മലബാർ ഡവലപ്‌മെന്റ് കൗൺസിൽ ഭാരവാഹികൾ നിവേദനം നൽകി. സംസ്ഥാനത്തെ 18ഓളം എംപിമാരുടെ ഒപ്പോടുകൂടിയാണ് നിവേദനം സമർപ്പിച്ചത്. സർവ്വീസ് ആരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു. എംപി അഡ്വ.എ.എം.ആരിഫ്, ഷാർജ ഇന്ത്യൻ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം, ജന.സെക്രട്ടറി ടി.വി.നസീർ, ട്രഷറർ ശ്രീനാഥ് കാടാഞ്ചേരി എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.