ന്യൂമാഹി : അപകടാവസ്ഥയിലായ മാഹി പാലം പുനർനിർമിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സിപിഐ എം പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, പഴക്കം ചെന്ന പാലത്തിന് പകരം പുതിയത് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രതിഷേധ ശൃംഖല സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. അർഹതപ്പെട്ട ഫണ്ട് നൽകാതെ കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം അധികാരത്തിൽ വന്നില്ലെങ്കിൽ മാഹി ബൈപാസ് സാധ്യമാവില്ലായിരുന്നു. ദേശീയപാത വികസനവും നടക്കില്ലായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ പണം നൽകിയത്.
തലശേരി – മാഹി ബൈപാസ് വരുന്നതുകൊണ്ട് മാഹി പാലത്തിന് പ്രസക്തിയില്ല എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് ശരിയല്ല. മുഴപ്പിലങ്ങാട് മുതൽ മാഹി വരെയുള്ള ദേശീയപാത നവീകരിച്ച് ഗതാഗത യോഗ്യമാക്കുകയും പുതിയ പാലം നിർമിക്കുകയും വേണം. എം വി ജയരാജൻ പറഞ്ഞു.
മാഹി ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ അധ്യക്ഷനായി. തലശേരി ഏരിയാ സെക്രട്ടറി സി കെ രമേശൻ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്ത്തൂ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ജയപ്രകാശൻ സ്വാഗതം പറഞ്ഞു.