തിരുവനന്തപുരം:മലയാള സിനിമയുടെ കാരണവർ മഹാനടൻ മധു ഇന്ന് നവതി ആഘോഷിക്കുകയാണ്. നടൻ നിർമ്മാതാവ്, സംവിധായകൻ തുടങ്ങി മലയാള സിനിമയിൽ ആറു പതിറ്റാണ്ട് പിന്നിട്ട പ്രതിഭയ്ക്ക് കേരളം എല്ലാവിധ ആശംസകളും അർപ്പിക്കുന്നു. കണ്ണമ്മൂലയിലെ വസതിയായ ശിവസദനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന മധുവിന് ഈ പിറന്നാളും ആഘോഷ രഹിതം.
തിരുവനന്തപുരം നഗരസഭയുടെ മുൻ മേയറായിരുന്ന പരമേശ്വരൻപിള്ളയുടെയും ഗൗരീപട്ടത്ത് കീഴതിൽ തറവാട്ടിൽ തങ്കമ്മയുടെയും മകനായി ജനനം. നാഗർ കോവിൽ ഹിന്ദി അധ്യാപകനായിരുന്നെങ്കിലും ജോലി ഉപേക്ഷിച്ച് ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കുകയും 1959ൽ നിണമണിഞ്ഞ കാൽപാടുകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു.
മാധവൻ നായരെ മധു എന്ന് വിളിച്ചത് പി. ഭാസ്കരൻ മാഷാണ്.സിനിമയുടെ വ്യത്യസ്ത കാലങ്ങളെ അദ്ദേഹം അടയാളപ്പെടുത്തി. തന്റെ ശരീര ഭാഷകൊണ്ട് തന്നെ കഥാപാത്രങ്ങളെ ആലേഖനം ചെയ്തു. സത്യനും നസീറും സിനിമാരംഗം വാഴുന്ന സമയത്ത്് തന്റേതായ ഇടം മധു കണ്ടെത്തി. ഏതാണ്ട് 12 സിനിമകളുടെ സംവിധായകനുമായി.
സിനിമയിലെ സംഭാവനക്ക് രാജ്യം പത്മശ്രീയും സംസ്ഥാനം ജെ.സി.ഡാനിയേൽ പുരസ്കാരവും നൽകി അദ്ദേഹത്തെ ആദരിച്ചു.
ഭാര്യ ലക്ഷ്മി വർഷങ്ങൾക്കു മുമ്പ് മരിച്ചു. ഏക മകൾ ഉമ.