മലയാളത്തിന്റെ അഭിനയ ചക്രവർത്തി മധുവിന് നവതിയാശംസകൾ

മലയാളത്തിന്റെ മഹാനടൻ മധു നവതിയുടെ നിറവിലാണ്. അഭിനയ ചക്രവാളത്തിലെ കിരീടം വെക്കാത്ത രാജാവിന് പീപ്പിൾസ്‌റിവ്യൂവിന്റെ നവതി മംഗളം. മലയാള സിനിമയുടെ ആരംഭകാലം മുതൽ അഭിനയ രംഗത്ത് പ്രശോഭിച്ച അതുല്ല്യ നടനാണ് മധു. പ്രേംനസീറും, സത്യനും അരങ്ങ് വാണിരുന്ന കാലത്ത് തന്റേതായ ഇടം സൃഷ്ടിച്ച് നടന പീഠം കരസ്ഥമാക്കിയ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. തികച്ചും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയതെങ്കിലും, സിനിമയിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ട് നിറഞ്ഞു നിന്ന മറ്റൊരാൾ നമുക്കില്ല എന്നതാണ് വാസ്തവം. മലയാളി മക്കൾ നെഞ്ചേറ്റിയ സിനിമകൾ, എക്കാലവും ഓർക്കപ്പെടുകയും, ആസ്വദിക്കപ്പെടുകയും ചെയ്ത സിനിമകളിൽ നായകനായും, പ്രതിനായകനായും അദ്ദേഹം തിളങ്ങി. നമ്മുടെ അതിപ്രഗത്ഭരായിരുന്ന സാഹിത്യ പ്രതിഭകളുടെ സൃഷ്ടികൾ സിനിമകളാക്കിയപ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് മിഴിവേകിയ നടനാണ് മധു.
നാഗർ കോവിലിൽ ഹിന്ദു കോളേജിൽ അധ്യാപകനായിരിക്കുമ്പോൾ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിക്കാനായി പോകുന്നത്. 1959ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്നു. തുടർന്ന് നാനൂറോളം സിനിമകളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങൾ പകർന്നാടി. പി.മാധവൻ നായരിൽ നിന്ന് മലയാളത്തിന്റെ മഹാനടനായി അദ്ദേഹം വളർന്നു. പരീക്കുട്ടി(ചെമ്മീൻ), മായൻ(ഉമ്മാച്ചു), സാഹിത്യകാരൻ(ഭാർഗ്ഗവീനിലയം), ബാപ്പുട്ടി(ഓളവും തീരവും), ഗോപകുമാർ(പ്രിയ), ആനപ്പാപ്പാൻ(സിന്ദൂരച്ചെപ്പ്), ചെണ്ടക്കാരൻ(ചെണ്ട), മദനൻ(രമണൻ), പൈലി(ഇതാ ഇവിടെവരെ) ഉൾപ്പെടെയുള്ള ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം അനശ്വരമാക്കി. മികച്ച ദേശീയ അവാർഡ് നേടിയ ചെമ്മീൻ, രണ്ടാമതവാർഡ് നേടിയ സ്വയംവരം എന്നിവയിലെ വേഷങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.
അഭിനയ ജീവിതത്തോടൊപ്പം നിർമ്മാതാവായും, സംവിധായകനായും, സ്റ്റുഡിയോ ഉടമയായും അദ്ദേഹം പ്രവർത്തിച്ചു. മലയാള സിനിമയിലെ ഇപ്പോഴുള്ള എല്ലാ നടന്മാർക്കും ഗുരു തുല്ല്യനാണ് മധു. നമ്മുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും, മോഹൻലാലും അദ്ദേഹത്തിന് നൽകുന്ന സ്‌നേഹ ബഹുമാനം കണ്ടാലറിയാം ചലച്ചിത്രലോകം അദ്ദേഹത്തിന് നൽകുന്ന ആദരവ് എത്രയാണെന്ന്.
കടന്നുപോയ ജീവിത കാലഘട്ടം പരിപൂണ്ണ സംതൃപ്തി നൽകുന്നതാണെന്ന് മധു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീയും, സംസ്ഥാനം ജെ.സി.ഡാനിയേൽ പുരസ്‌കാരവും നൽകി ആദരിച്ചിട്ടുണ്ട്.
ചലച്ചിത്ര മേഖലയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ പ്രിയ നടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. അദ്ദേഹത്തിന് ഒരിക്കൽ കൂടി നവതി ആശംസകൾ.

Share

Leave a Reply

Your email address will not be published. Required fields are marked *