വാഷിങ്ടൻ:ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കാനഡ പാർലമെന്റിൽ ഉന്നയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു..കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്നതിനുളള തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് ട്രൂഡോ അറിയിച്ചു. നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമമായ ‘സിബിസി ന്യൂസ്’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇന്ത്യക്കെതിരെ ആരോപണമുന്നയിക്കുക വഴി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വലിയ പിഴവാണു വരുത്തിയിരിക്കുന്നതെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥനും അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോയുമായ മൈക്കിൾ റൂബിൻ. തെളിയിക്കാൻ കഴിയാത്ത ആരോപണമാണിതെന്നും കൈകളിൽ രക്തക്കറയുള്ള ഒരു ഭീകരനെ കാനഡ സർക്കാർ എന്തുകൊണ്ടാണു സംരക്ഷിക്കുന്നതെന്ന് ട്രൂഡോ വിശദീകരിക്കേണ്ടി വരുമെന്നും റൂബിൻ പറഞ്ഞു.
ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയേക്കാൾ കാനഡയ്ക്കാണ് വലിയ അപകടമുണ്ടാക്കുന്നത്. ഇന്ത്യയും അമേരിക്കയ്ക്കയും തമ്മിൽ സുപ്രധാനമായ ബന്ധംനിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുമെന്നും റൂബിൻ പറയുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനയുടെ നിലപാടുകൾ, ഇന്ത്യൻ മഹാസമുദ്രത്തിലെയും പസിഫിക്കിലെയും പ്രശ്നങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ യുഎസിന് കാനഡയേക്കാൾ പ്രധാനം ഇന്ത്യയുടെ പിന്തുണയാണ്.- റൂബിൻ പറഞ്ഞു.