ഇടുക്കി: ഇടുക്കി പഴമ്പിള്ളിച്ചാലിലെ അനധികൃത മരംമുറിയിൽ കൈക്കൂലി നൽകിയ പണം തിരികെ ചോദിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. മരക്കച്ചവടക്കാരനും സീനിയർ ഫോറസ്റ്റ് ഓഫീസർ ലാലുവും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്.മരത്തടികൾ പിടിച്ചെടുത്തതിനാൽ മുൻകൂറായി കൈപ്പറ്റിയ പണം തിരികെ നൽകണമെന്ന് കച്ചവടക്കാരൻ ഫോണിൽ ആവശ്യപ്പെടുന്നുണ്ട്. നാട്ടിൽ നാണം കെട്ട് നിൽക്കുകയാണെന്നും പണം തിരികെ തന്നില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്നും ഇയാൾ പറയുന്നു.വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ ക്രമക്കേടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. പഴമ്പിള്ളിച്ചാൽ കുടിയേറ്റ മേഖലയാണ്. ഇവിടെ മരം മുറിക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി എന്നാണ് ആക്ഷേപം. 25 ലോഡ് തടി ഇവിടെനിന്ന് കൊണ്ടു പോയിരുന്നു. ഇതിന് ശേഷമാണ് കൈക്കൂലി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തത്.
സംഭവം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ എത്തിയിരുന്നു. നടപടികളിലേക്ക് കടക്കുന്നു എന്നറിഞ്ഞപ്പോൾ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ തന്നെ ഇവർക്കെതിരേ കേസെടുത്ത് അഞ്ച് ലോഡ് തടി പിടികൂടി. ഇതുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടത്തെക്കുറിച്ചാണ് കച്ചവടക്കാരൻ ഫോണിൽ പറയുന്നത്.മരം വിലയ്ക്കുവാങ്ങി മില്ലിൽ എത്തിച്ചാൽ മാത്രമേ കച്ചവടക്കാർക്ക് പണം ലഭിക്കൂ. അങ്ങനെ പണം കിട്ടാതെ വന്ന സാഹചര്യത്തിൽ ഇയാൾ സാമ്പത്തിക പ്രതിസന്ധിയിൽ പെടുകയായിരുന്നു. തുടർന്ന് മുൻകൂറായി കൈപ്പറ്റിയ കൈക്കൂലി പണം തിരികെ നൽകണമെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ സംഭവത്തിൽ ഡിഎഫ്ഒ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.