ഭിന്നിപ്പിൻറെയും വിദ്വേഷത്തിൻറെയും രാഷ്ട്രീയം ചില  പാർട്ടികളുടെ പ്രധാന അജണ്ട പ്രിയങ്ക ഗാന്ധി

ഭിന്നിപ്പിൻറെയും വിദ്വേഷത്തിൻറെയും രാഷ്ട്രീയം ചില പാർട്ടികളുടെ പ്രധാന അജണ്ട പ്രിയങ്ക ഗാന്ധി

റായ്പൂർ: ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയവും മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിദ്വേഷം പരത്തലും ഇന്നത്തെ ചില പാർട്ടികളുടെ പ്രധാന അജണ്ടയായി മാറുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വ്യാഴാഴ്ച ഛത്തീസ്ഗഡ് ദുർഗ് ജില്ലയിലെ ഭിലായിലെ ജയന്തി സ്റ്റേഡിയത്തിൽ സ്ത്രീകളുടെ സമൃദ്ധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
സാധാരണ ജനങ്ങൾക്ക് തങ്ങളുടെ ആവലാതികളെക്കുറിച്ച് പ്രധാനമന്ത്രിയോട് പരാതിപ്പെടാനും അവരുടെ പ്രശ്‌നങ്ങൾ പങ്കുവെക്കാനും അത് പരിഹരിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.
സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രരും അനുദിനം ദരിദ്രരാകുകയും ചെയ്യുന്ന, സാധാരണക്കാരും അതിസമ്പന്നരും തമ്മിലുള്ള അസമത്വവും അകലവും വർധിക്കുന്നതിനെക്കുറിച്ചും പ്രിയങ്ക പരാമർശിച്ചു. രാജ്യത്ത് ഒരു കർഷകൻ തുച്ഛമായ വരുമാനത്തിൽ ജീവിക്കാൻ നിർബന്ധിതനാണെന്ന് അവർ ചൂണ്ടിക്കാട്ടി.രാജ്യത്ത് ഒരു കർഷകന്റെ പ്രതിദിന വരുമാനം വെറും 27 രൂപ മാത്രമാണെന്നും മോദി സർക്കാരിന്റെ ചില വ്യവസായി സുഹൃത്തുക്കൾ പ്രതിദിനം 1600 കോടി രൂപയിലധികം സമ്പാദിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
ഇന്ധനം, അവശ്യ സാധനങ്ങൾ എന്നിവയുടെ കുതിച്ചുയരുന്ന വിലക്കയറ്റം സൃഷ്ടിക്കുന്ന കടുത്ത സമ്മർദ്ദത്തിൽ പൊതുജനങ്ങൾ ശ്വാസം മുട്ടുകയാണ്. മതിയായ നടപടികൾ സ്വീകരിച്ച് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനുപകരം, മതം, വർഗീയത തുടങ്ങിയ വിഷയങ്ങളിലേക്ക് അവരെ തള്ളിവിട്ട് സാധാരണക്കാരുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്നതിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. യുവാക്കൾക്ക് തൊഴിലില്ല. യുപിയിൽ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടറുകൾ നൽകിയ സ്ത്രീകൾക്ക് അവരുടെ എൽപിജി സിലിണ്ടറുകൾ വീണ്ടും നിറയ്ക്കാൻ കഴിയുന്നില്ല.

”8000 കോടി രൂപ വീതമുള്ള രണ്ട് ആഡംബര വിമാനങ്ങൾ വാങ്ങാൻ പൊതു പണം മോദി സർക്കാർ പാഴാക്കി. യശോഭൂമിക്ക് 27,000 കോടി ചെലവഴിച്ചു, പുതിയ പാർലമെൻറ് കെട്ടിടത്തിന് 20,000 കോടി ചെലവാക്കി. പക്ഷേ എന്തുകൊണ്ടാണ് റോഡുകൾ തകർന്നത്, എന്തുകൊണ്ടാണ് തൊഴിലില്ലാത്തത് എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ലഭ്യമല്ല. എന്തുകൊണ്ടാണ് ടാപ്പുകളിൽ വെള്ളമില്ലാത്തത്? വിലക്കയറ്റത്തിൻറെ കാരണമെന്താണ്? എന്തുകൊണ്ട് കർഷകരുടെ വരുമാനം വർധിക്കുന്നില്ല പ്രിയങ്ക ചോദിച്ചു.

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയെക്കുറിച്ചും പ്രിയങ്ക പറഞ്ഞു.” ഒരു ഇന്ത്യാക്കാരി എന്ന നിലയിൽ ഇത് ആഗോള പ്ലാറ്റ്ഫോമിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നു. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതവും ഭാവിയും അപകടത്തിലാക്കി തങ്ങളുടെ സുഖസൗകര്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ പൊതുപണം പാഴാക്കാനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ, അത് കോൺഗ്രസ് അനുവദിക്കില്ല.” മോദി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ, ബാഗേൽ സർക്കാർ സംസ്ഥാനത്തെ സ്ത്രീകളുടെയും പൊതുജനങ്ങളുടെയും പോക്കറ്റിൽ പണം നിക്ഷേപിച്ചു. 10 ലക്ഷത്തിലധികം എസ്എച്ച്ജി സ്ത്രീകൾ ബാഗേൽ സർക്കാരിൻറെ വിവിധ പദ്ധതികളിൽ നിന്നും പ്രയോജനം നേടിയതായി അവർ അവകാശപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *