ആഗോള തലത്തിൽ കണ്ടന്റ് ക്രിയേഷൻ രംഗത്ത് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജോലികൾ എളുപ്പമാക്കുന്നതിനുമായി യൂട്യൂബ് പുതിയ ക്രിയേറ്റർ ടൂളുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പുതിയ ക്രിയേറ്റർ ട്യൂളുകളാണ് യുട്യൂബ് അവതരിപ്പിക്കുന്നത്. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള ഷോർട്സ് പ്ലാറ്റ്ഫോമിലേക്കാണ് ഈ സൗകര്യം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
ഉള്ളടക്ക നിർമിതികൂടുതൽ എളുപ്പമുള്ളതാക്കിമാറ്റാൻ ജനറേറ്റീവ് എഐയ്ക്ക് സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്ന് വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ യൂട്യൂബ് സിഇഒ നീൽ മോഹൻ പറഞ്ഞു. ശക്തമായ ഈ ടൂളുകൾ ചിലർക്ക് വേണ്ടി മാത്രമുള്ളതല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഡ്രീം സ്‌ക്രീൻ’ എന്ന പേരിൽ ഷോർട്ട് വീഡിയോക്ക് വേണ്ടി തയ്യാറാക്കിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ജനറേറ്റീവ് എഐ ടൂളും പരിപാടിയിൽ വെച്ച് യൂട്യൂബ് അവതരിപ്പിച്ചു. വിവരണങ്ങൾക്കനുസരിച്ച് എഐ ജനറേറ്റഡ് വീഡിയോയും പശ്ചാത്തല ചിത്രവും നിർമിക്കാൻ ഈ ടൂളിന് സാധിക്കും.
ഈ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ പ്രദർശനവും യൂട്യൂബ് നടത്തി. യൂട്യൂബ് ഉദ്യോഗസ്ഥനായ മാത്യൂ സിമാരിയാണ് ഇത് അവതരിപ്പിച്ചത്. ന്യൂയോർക്ക് നഗരത്തിന് മുകളിലൂടെ പറക്കുന്ന ഡ്രാഗണിന്റേയും വാഹനമോടിക്കുന്ന നായയുമെല്ലാം വീഡിയോ ഈ രീതിയിൽ നിർമിച്ചു കാണിച്ചു.
ഷോർട്സ് വീഡിയോയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ക്രിയേറ്റർമാരെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. 2020 ലാണ് ടിക് ടോക്കിന് സമാനമായ ഷോർട്ട് വീഡിയോ സേവനമായ യൂട്യബ് ഷോർട്സ് പുറത്തിറക്കിയത്. യൂട്യൂബ് ഷോർട്സിന് 7000 കോടി പ്രതിദിന വ്യൂസ് ഉണ്ടെന്നാണ് കണക്കുകൾ. 200 കോടിയിലേറെ സൈൻ ഇൻ ചെയ്ത ഉപഭോക്താക്കളും ഇതിനുണ്ട്.
അതേസമയം ദൈർഘ്യമേറിയ വീഡിയോകൾ ഇപ്പോഴും വലിയ ജനപ്രീതിയിൽ തുടരുന്നുണ്ട്. ഹ്രസ്വ വീഡിയോകൾ ഇഷ്ടപ്പെടുന്ന പുതിയ പ്രേക്ഷകരെയാണ് യൂട്യൂബ് ഷോർട്സിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
പുതിയ വീഡിയോകൾക്കുള്ള ആശയവും ഔട്ട്ലൈനും നൽകുന്ന പുതിയൊരു എഐ ടൂൾ യൂട്യൂബ് സ്റ്റുഡിയോയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ക്രിയേറ്റർമാർക്കനുസരിച്ചാണ് ഇതിൽ നിർദേശങ്ങൾ ലഭിക്കുക. എഐ അധിഷ്ടിത മ്യൂസിക് റെക്കമെന്റേഷൻ സംവിധാനം ഒരുക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതുവഴി വീഡിയോകൾക്ക് അനുയോജ്യമായ മ്യൂസികും നിർദേശിക്കും.
ഇതിനെല്ലാം പുറമെ, വിദേശ ഭാഷകളിൽ ഡബ്ബ് ചെയ്യാൻ സാധിക്കുന്ന എഐ ടൂളും കമ്പനി ഒരുക്കുന്നുണ്ട്. ഷോർട്സ് ക്രിയേറ്റർമാർക്ക് വേണ്ടിയുള്ള യൂട്യൂബ് ക്രിയേറ്റ് എന്ന പുതിയ ആപ്പും വ്യാഴാഴ്ച നടന്ന പരിപാടിയിൽ അവതരിപ്പിച്ചു.