കെ.എം.ദിലിപ്നാഥ് ഇനി ഓർമ്മ

കെ.എം.ദിലിപ്നാഥ് ഇനി ഓർമ്മ

തലശ്ശേരി: സർക്കസ്സിന്റെ ഈറ്റില്ലമായ തലശ്ശേരിയിൽ നിന്നും ഇന്ത്യൻ സർക്കസ്സ് കലയ്ക്ക് ആവേശം വിതറിയ കെ.എം.ദിലീപ് നാഥ് ഓർമ്മയായി. സർക്കസ്സ് കലയ്ക്ക് അവിസ്മരണീയങ്ങളായ ഒട്ടേറെ മാസ്മരികമായ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെച്ച ഗ്രേറ്റ് ബോംബെ സർക്കസ്സിന്റെ മാനേജിങ്ങ് പാർട്ണറായിരുന്നു ദിലീപ് നാഥ്.  ഗ്രേറ്റ് ബോംബെ സർക്കസ്സിന്റെ ഉടമ കെ.എം.ബാലഗോപാലിന്റെയും, നാണി ബാലഗോപാലിന്റെയും മൂത്ത മകനാണ്. സർക്കസ്സ് കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കായിക പ്രേമിയും, മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. ചെറുപ്പം മുതൽ സർക്കസ്സ് കമ്പക്കാരനായിരുന്ന ദിലീപ് നാഥിന് പൈതൃകമായി സിദ്ധിച്ചതാണ് സർക്കസ്സ് കലയുടെ പാഠങ്ങളത്രയും. തമ്പിലെ രസകരമായ അനുഭവങ്ങൾ പുതു തലമുറക്കാരോട് അദ്ദേഹം പലപ്പോഴും പങ്കുവെക്കാറുണ്ട്. അദ്ദേഹം താമസിക്കുന്ന തലശ്ശേരി കോടതിക്കടുത്ത കല്യാണി നിവാസിലെ ഉമ്മറച്ചുമരിൽ ദശകങ്ങളായി തൂങ്ങിക്കിടക്കുന്ന ക്രുദ്ധനായ ജവഹർലാൽ നെഹ്‌റുവിന്റെ ഫോട്ടോ ഇതുവഴി കടന്നു പോകുന്നവരുടെയെല്ലാം ശ്രദ്ധയാകർഷിക്കാറുണ്ട്. ആവഡിയിൽ നടന്ന എ.ഐ.സി.സി.യുടെ നയപരമായ നിർണ്ണായക യോഗത്തിനിടെ ഉറങ്ങി പോയ ചിലർക്ക് നേരെ നെഹ്‌റു തലയിണ എറിയുന്ന അപൂർവ്വ ദൃശ്യമാണ് ചിത്രത്തിൽ അനാവരണം ചെയ്തിരുന്നത്.
ഇന്റർനാഷണൽ ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടിയ ഈ ചിത്രം നെഹ്‌റുവുമായി ബാലഗോപാലനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ പ്രതീകം കൂടിയാണ്.കണ്ണൂരിലെ പ്രമുഖ അഭിഭാഷകൻ കെ.എം. പ്രദീപ് നാഥ്, കെ.എം. സജീവ് (പാർട്ണർ, ഗ്രേറ്റ് ബോംബെ സർക്കസ്), സുചിത്ര മോഹൻ, സുനിത സുധീർ എന്നിവർ സഹോദരങ്ങളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *