കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇഡി പലരെയും ഭീഷണിപ്പെടുത്തുന്നു എം.വി ഗോവിന്ദൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇഡി പലരെയും ഭീഷണിപ്പെടുത്തുന്നു എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീനെതിരെ തെളിവുണ്ടാക്കുന്നതിനായി ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യംചെയ്യാൻ വിളിപ്പിച്ചവരെ ഭീഷണിപ്പെടുത്തിയതായും മർദിച്ചതായും എം.വി. ഗോവിന്ദൻ ആരോപിച്ചു.
തൃശൂർ കരുവന്നൂരിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാർ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുള്ളതുമാണ്.  എന്നാൽ പ്രശ്നത്തിന് പിന്നിൽ പാർട്ടി നേതൃത്വമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇ.ഡി. രംഗത്ത് വരികയും പാർട്ടി സംസ്ഥാന സമിതി അംഗമായ എ.സി.മൊയ്തീൻറെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവർക്ക് കിട്ടിയിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യുകയും എ.സി. മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തുകയും, മൊയ്തീൻ പണം ചാക്കിൽക്കെട്ടി കൊണ്ടുപോകുന്നത് കണ്ടെന്ന് പറയാൻ ആവശ്യപ്പെടുകയും ചെയ്തു.
ഒരു മുറി കാണിച്ച,്  അവിടെവെച്ച് എന്തുംചെയ്യാൻ സാധിക്കുമെന്നും പുറംലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തി. മകളുടെ വിവാഹ നിശ്ചയം നടക്കില്ലെന്നാണ് അരവിന്ദനോട് പറഞ്ഞത്. ഇ.ഡി.ബലപ്രയോഗം നടത്തി. കൊല്ലുമെന്ന് പറഞ്ഞു. ചരിത്രത്തിലില്ലാത്ത സംഭവമാണ് നടക്കുന്നത്. ഉത്തരേന്ത്യയിൽ നിന്ന് വന്ന ഉദ്യോഗസ്ഥരുടെ അടക്കമുള്ള ഒരു കൂട്ടായ ശ്രമമായാണ് ഇതിനെ കാണുന്നതെന്നും, എം.വി പറഞ്ഞു.
സഹകരണ സംഘങ്ങളെ കൈപ്പിടിയിലൊതുക്കുന്നതിനുള്ള  ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രമങ്ങളാണിതെന്നും സുപ്രീംകോടതി ഇടപെടൽ കൊണ്ടാണ് ഒരു ഘട്ടത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ പിടിച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന ഘട്ടത്തിൽ സഹകരണസംഘങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിക്കാനുള്ള പ്രവണത ശക്തിപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളേയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ കൈകാര്യം ചെയ്യും. അതോടെയാണ് ആ പ്രതിസന്ധി അവസാനിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
കരുവന്നൂരിലെ ഇ.ഡി. ഇടപെടൽ യഥാർത്ഥത്തിൽ ഇടതുപക്ഷത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരായ ശക്തമായ കടന്നുകയറ്റമാണ്. ഇതിനെ ശക്തിയായി എതിർത്ത് മുന്നോട്ടുപോകേണ്ടതുണ്ട്. സഹകാരികൾ അതിന് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Share

Leave a Reply

Your email address will not be published. Required fields are marked *