ഇന്ത്യ-കാനഡ തർക്കം ചർച്ചയിലൂടെ പരിഹരിക്കണം

ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയിലുണ്ടെന്നത് ഏവർക്കും ബോധ്യപ്പെട്ട വസ്തുതയാണ്. ഇന്ദിരാഗാന്ധി വധത്തെ ആഘോഷിച്ചുകൊണ്ട് ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയിൽ റാലി നടത്തിയതും ലോകം ദർശിച്ചതാണ്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണമാണ് കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. എന്നാൽ ഇതിനാധാരമായ തെളിവുകൾ ഹാജരാക്കാൻ അദ്ദേഹത്തിനിതുവരെ സാധിച്ചിട്ടില്ല. ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകികളെ അറസ്റ്റ് ചെയ്ത് വെളിച്ചത്ത് കൊണ്ട് വന്ന് കാനഡ തെളിവുകൾ ഹാജരക്കാൻ തയ്യാറായിട്ടില്ല. ഹർദീപ് സിങ് നിജ്ജാർ കനേഡിയൻ പൗരത്വം സ്വീകരിച്ച്, അവിടെ നിന്ന് ഖലിസ്ഥാനുവേണ്ടി പ്രവർത്തിച്ച വ്യക്തിത്വമാണ്. നിജ്ജാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സംശയമുണ്ടെന്ന് പറയുകയല്ലാതെ പ്രതികളെ പിടികൂടുകയാണ് കാനഡ ചെയ്യേണ്ടത്. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള വ്യക്തിയാണ് നിജ്ജാർ. കനേഡിയൻ മണ്ണിലിരുന്ന് സിഖ് യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.
ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ താൽപര്യങ്ങളാണ് ഇന്ത്യക്കെതിരായി നടക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനക്ക് പിന്നിൽ. നാറ്റോ ജി 7, യു എസ് എ, യു.കെ, ന്യൂസിലാണ്ട്, ആസ്‌ട്രേലിയ എന്നിവയുടെ മുമ്പിലൊക്കെ ഈ വിഷയം ഉന്നയിച്ചെങ്കിലും അവരാരും തന്നെ ഇന്ത്യക്കെതിരെ പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമാണ്. വാസ്തവത്തിൽ കനേഡിയൻ മണ്ണിലിരുന്ന് ഇന്ത്യക്കെതിരെ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് വളമിട്ടു കൊടുക്കുകയാണ് ജസ്റ്റിൻ ട്രൂഡോ ചെയ്യുന്നത്. അദ്ദേഹത്തിന്റെ നടപടികൾ കാനഡയിലെ പ്രതിപക്ഷത്തെപോലും ബോധ്യപ്പെടുത്താനായിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് കാനഡയിൽ കഴിയുന്നത്. എഴുപത്തയ്യായിരം കേരളീയരും കാനഡയിലുണ്ട്. ജോലി ആവശ്യാർത്ഥവും, പഠനാവശ്യാർത്ഥവും ഇവിടങ്ങളിലുള്ള ഭാരതീയരുടെ സുരക്ഷ നമുക്ക് ഉറപ്പ് വരുത്താനാകണം. ഇന്ത്യയും, കാനഡയും തമ്മിലുള്ള തർക്കം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിലേക്കും കാനഡക്കാർക്ക് ഇന്ത്യയിലേക്ക് വിസ നിഷേധിക്കുന്നത് വരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. കാനഡയിൽ ഇന്ത്യക്കെതിരെ നടക്കുന്ന വിരുദ്ധ പ്രവർത്തനങ്ങളെ തടയിടാൻ ജസ്റ്റിൻ ട്രൂഡോ തയ്യാറാകണം.
നിലവിലുണ്ടായ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ അതിവേഗം പരിഹാരമുണ്ടാക്കാൻ സാധിക്കണം. ഖലിസ്ഥാൻ തീവ്രവാദ ശക്തികളും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി കാനഡ മാറുന്നതിൽ രാജ്യാന്തര തലത്തിൽ സമ്മർദ്ദം കാനഡക്കെതിരായി ഉയർന്നുവരേണ്ടതുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *