ജിദ്ദ: സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്. തുടർച്ചയായി രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജി.ഡി.പിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചു.
പശ്ചിമേഷ്യൻ മേഖലയും അതിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കുന്നതിനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുവഴി അവർക്ക് സാമ്പത്തികമായി വികസിക്കാനും മുന്നേറാനും കഴിയുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിലും വാർത്തമാനകാലത്തിലും ഭാവിയിലും സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ യമനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സുസ്ഥിരമായ ഒരു രാഷ്ട്രീയ പരിഹാരത്തിനുവേണ്ടി ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നുവെന്നും. ഉയർന്ന അഭിലാഷങ്ങളോടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.