വിസ തട്ടിപ്പ് ഏജൻസികൾക്കെതിരെ നടപടി  ഉറപ്പു നൽകി ഇന്ത്യൻ ഹൈക്കമ്മിഷൻ

വിസ തട്ടിപ്പ് ഏജൻസികൾക്കെതിരെ നടപടി ഉറപ്പു നൽകി ഇന്ത്യൻ ഹൈക്കമ്മിഷൻ

ലണ്ടൻ:വിസ തട്ടിപ്പിൽ പെട്ട് നാന്നൂറോളം മലയാളി നഴ്സുമാർ യുകെയിൽ കുടുങ്ങിക്കിടക്കുന്ന വിഷയത്തിൽ ഏജൻസികൾക്കെതിരെ അടിന്തര നടപടി ഉറപ്പു നൽകി ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ്.
പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്റർ പ്രതിനിധികൾ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കോഓർഡിനേഷൻ മിനിസ്റ്റർ ദീപക് ചൗധരി, സെക്കൻഡ് സെക്രട്ടറി കോഓർഡിനേഷൻ സഞ്ചയ് കുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നൽകിയത്.

പരാതികളിലെ വഞ്ചനാ കുറ്റം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കൂടിക്കാഴ്ചയിലൂടെ സാധിച്ചതായി പ്രവാസി ലീഗൽ സെൽ യുകെ കോഓർഡിനേറ്റർ അഡ്വ.സോണിയ സണ്ണി പറഞ്ഞു. വിസ തട്ടിപ്പിനെതിരെ സമൂഹത്തിൽ ബോധവൽക്കരണം ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ അനിവാര്യതയിലേക്കാണ് നിലവിലുള്ള സാഹചര്യം വിരൽ ചൂണ്ടുന്നതെന്ന് ചർച്ചയിൽ ദീപക് ചൗധരി വ്യക്തമാക്കി.

യുകെയിൽ വിസ തട്ടിപ്പിന് ഇരകളായി നാന്നൂറോളം മലയാളികൾ വിവിധ സ്ഥലങ്ങളിൽ ദുരിതത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ.ജോസ് ഏബ്രഹാമിന്റെയും (അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ), അഡ്വ. സോണിയ സണ്ണിയുടെയും നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പിന് ഉൾപ്പടെ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വിഷയം ശ്രദ്ധയിൽ പെട്ട ഹൈക്കമ്മിഷൻ ഓഫിസ് പ്രവാസി ലീഗൽ സെൽ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്. യോഗത്തിൽ പ്രവാസി ലീഗൽ സെല്ലിനു വേണ്ടി അഡ്വ.സോണിയ സണ്ണി, ശ്രീജിത്ത് മോഹൻ, പ്രവീൺ കുര്യൻ ജോർജ്, ശ്രീജിത്ത് ശ്രീധരൻ എന്നിവർ പങ്കെടുത്തു.

സൗദിയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിഡ് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി നിരവധി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ.പ്രവാസി മലയാളികൾക്ക് നോർക്കയിൽ അൻപത് ശതമാനം സംവരണം വേണമെന്നും പി എൽ സി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളിലും ശക്തമായ ഇടപെടലുകൾ സംഘടന നടത്തിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി പി എൽ സി സൗദി കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, ഗ്ലോബൽ പ്രതിനിധി സുധീർ തിരിനിലത്ത്, ജനറൽ സെക്രട്ടറി അഡ്വ. മുരളീധരൻ, ദുബായ് പ്രസിഡന്റ് ടി.എൻ കൃഷ്ണകുമാർ,വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്റർ ഹാജറാബി വലിയകത്ത് എന്നിവർ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *