ന്യൂഡൽഹി: നിരോധിത സംഘടനയായ സിമിയുടെ പേരിൽ യോഗം ചേർന്നതിന് രജിസ്റ്റർചെയ്ത കേസിലെ അഞ്ച് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. എൻ.ഐ.എ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി വിധി ശരിവെച്ചത്.
പാനായിക്കുളം കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച ഈരാറ്റുപേട്ട നടയ്ക്കൽ പീടിയേക്കൽ വീട്ടിൽ പി.എ ഷാദുലി (ഹാരിസ്), ഈരാറ്റുപേട്ട നടയ്ക്കൽ പേരകത്തുശേരി അബ്ദുൾ റാസിഖ്, ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പെരുന്തേലിൽ വീട്ടിൽ പി.എ മുഹമ്മദ് അൻസാർ (അൻസാർ നഡ്വി), ആലങ്ങാട് പാനായിക്കുളം ജാസ്മിൻ മൻസിലിൽ നിസാമുദ്ദീൻ (നിസുമോൻ), ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കൽ ഷമ്മി (ഷംനാസ്) എന്നിവരെയാണ് ഹൈക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ നൽകിയ എൻ.ഐ.എ നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
നിരോധിക്കും മുൻപ് സിമി പ്രസിദ്ധീകരിച്ചതോ സിമിയുടെ മുദ്രയുള്ളതോ ആയ രേഖകൾ എന്തെങ്കിലും കയ്യിൽവെച്ചെന്ന് കരുതി പ്രതികൾ കുറ്റക്കാരനാണെന്ന് കരുതാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി വിധി. പ്രതികൾ യോഗംചേർന്നത് സിമിക്ക് വേണ്ടിയാണെന്ന് തെളിയിക്കാൻ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, നിരോധിത സംഘടനകളിൽ വെറും അംഗത്വം ഉള്ളവർക്കെതിരെയും യുഎപിഎ പ്രകാരം കേസ് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ പ്രതികൾക്കെതിരായ കേസ് നിലനിൽക്കുമെന്നായിരുന്നു എൻഐഎയുടെ വാദം.
എന്നാൽ, കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിഗണിച്ചശേഷമാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. എൻഐഎയ്ക്ക് വേണ്ടി അഭിഭാഷകൻ എ.കെ ശർമ്മയും പ്രതികൾക്കുവേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി.