ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് കൊച്ചിയിൽ തുടക്കമാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്‌സൂപ്പർ ഹീറോ ഇവാൻ വുകോമാനോവിച്ച് എന്ന സെർബിയക്കാരൻ തന്നെയാണ് കോച്ച്
കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്.സി.യുമായുള്ള വിവാദ മത്സരത്തിനിടയിൽ ടീമിനെ ഗ്രൗണ്ടിൽനിന്ന് പിൻവലിച്ചതിന് പിഴത്തുകയ്ക്കു പുറമേ പത്ത് മത്സരങ്ങളിലെ സസ്പെൻഷനാണ് ഇവാൻ നേരിടേണ്ടി വന്നത്. സൂപ്പർ കപ്പിലും ഡ്യൂറന്റ് കപ്പിലുമായി ആറ് മത്സരങ്ങൾ കഴിഞ്ഞതിനാൽ ഇനി നാല് മത്സരങ്ങളിലാണ് ഇവാന് വിലക്ക് നേരിടേണ്ടി വരുന്നത്.
ഇവാൻ എന്ന കോച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടാക്കിയ ഉണർവും ആത്മവിശ്വാസവും കഴിഞ്ഞ രണ്ട് സീസണുകളും തെളിയിച്ചതാണ്. താരങ്ങളോട് അങ്ങേയറ്റത്തെ സൗഹൃദത്തിൽ പെരുമാറുന്ന ഇവാൻ പക്ഷേ, ആവശ്യമുള്ള സമയത്ത് കർക്കശമായ തിരുത്തലുകളുടെ ആൾരൂപമാകാനും മടിക്കാറില്ല.
നിലപാടുകളുടെ കരുത്താണ് ഇവാന്റെ ഏറ്റവും വലിയ സവിശേഷത. പ്രൊഫഷണലിസത്തിന്റെ ഫുട്‌ബോളിനൊപ്പം നിലപാടും ചേർത്തുവെക്കുമ്പോഴാണ് തനിക്ക് ഇതുപോലെ പെരുമാറേണ്ടി വരുന്നതെന്ന് ഇവാൻ തന്നെ പറഞ്ഞിട്ടുണ്ട്. റഫറിയിങ്ങിലെ പിഴവുകൾ എപ്പോഴും ചൂണ്ടിക്കാട്ടുന്ന ഇവാൻ ഇതുമൂലം ഫുട്‌ബോളിനുണ്ടാകുന്ന നിലവാരത്തകർച്ചയിൽ എന്നും ആശങ്കാകുലനുമായിരുന്നു.
പുതിയ സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെങ്കിലും ടീമിന്റെ ഒരുക്കങ്ങൾ ഇവാൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ റിക്രൂട്ട്‌മെന്റുകളിലും ഇവാൻ ഇടപെടൽ നടത്തി. ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ ഏറ്റവും വലിയ വികാരമായ മഞ്ഞപ്പടയെ എന്നും സ്നേഹിക്കുന്ന ഒരാളാണ് ഇവാൻ.