കോട്ടയം: കേരള ആത്മ വിദ്യാസംഘം ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘത്തിനുള്ള വാഗ്ഭടാനന്ദ പുരസ്‌കാരം ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിനും മികച്ച സഹകാരിക്കുള്ള പുരസ്‌കാരത്തിന് സംഘം ചെയർമാൻ രമേശൻ പാലേരിയും അർഹനായി. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. വാഗ്ഭടാനന്ദ 84-ാമത് സമാധി വാർഷിക ദിനമായ ഒക്ടോബർ 29ന് പുരസ്‌കാര വിതരണം നടത്തുമെന്ന് സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ അറിയിച്ചു.
പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് വാഗ്ഭടാനന്ദ നവോത്ഥാനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി അഖില കേരള ക്വിസ് മത്സരവും നടത്തും. ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 6000 രൂപ, മൂന്നാം സമ്മാനം 3000 രൂപയും സർട്ടിഫിക്കറ്റും. ആദ്യ 10 പേർക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 30. വിവരങ്ങൾക്ക് 9400886777, 9947398329.