ഏകദിന ബോളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ മിന്നുംതാരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ പ്രകടനമാണ് സിറാജിന്റെ നേട്ടത്തിന് തുണയായത്. ഒമ്പതാം റാങ്കിൽ നിന്നുമാണ് ഒന്നിലേക്കുള്ള ഈ ഹൈദരാബാദുകാരന്റെ കുതിപ്പ്. 694 പോയിന്റോടെയാണ് സിറാജ് ബോളിങ് റാങ്കിലെ രാജാവായത്.ഫൈനലിൽ ഏഴോവറിൽ 21 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ ഏഷ്യാ കപ്പിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ശ്രീലങ്കയെ വെറും 50 റൺസിന് പിന്നോട്ടടിക്കാൻ ഇന്ത്യക്കായി.മാൻ ഓഫ് ദ മാച്ച് മാച്ച് പുരസ്കാരമായി തനിക്ക് ലഭിച്ച 5000 ഡോളറാണ് (16 ലക്ഷത്തോളം ശ്രീലങ്കൻ രൂപ) സിറാജ് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ചത്. ഗ്രൗണ്ട് സ്റ്റാഫുകൾ ഇല്ലായിരുന്നെങ്കിൽ ഈ ടൂർണമെൻറ് വിജയകരമായി നടക്കില്ലായിരുന്നു എന്നും ഈ തുക അവർക്കുള്ളതാണെന്നും സിറാജ് സമ്മാനദാനച്ചടങ്ങിനിടെ പറഞ്ഞിരുന്നു.